വയനാട്: മേപ്പാടിക്കടുത്ത് കുന്നംമ്പറ്റ യിൽ റോഡരികിൽ നിന്നവർക്ക് വിശ്വസിക്കാനാകാത്ത ഒരു നിമിഷം. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് കൈവിട്ടുപോകുമായിരുന്ന കുഞ്ഞുജീവൻ തിരിച്ചുപിടിച്ചത് ട്രാവലർ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ.കഴിഞ്ഞ ദിവസം കുന്നംമ്പറ്റ ടൗണിന് സമീപമാണ് സംഭവം നടന്നത്. റോഡരികിലെ വീടിനു സമീപം മുതിർന്നവർക്കൊപ്പം നിൽക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. ആ സമയം റോഡിലൂടെ വേഗതയിൽ വരികയായിരുന്നു ഒരു ട്രാവലർ വാൻ.
മരണത്തെ തോൽപ്പിച്ച നിമിഷം.കുഞ്ഞ് ഓടി വരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവർ ബ്രേക്ക് അമർത്തുകയും വണ്ടി വെട്ടിച്ച് മാറ്റുകയും ചെയ്തു. ഇഞ്ച് വ്യത്യാസത്തിലാണ് വണ്ടി കുഞ്ഞിൽ തട്ടാതെ നിന്നത്.റോഡിലേക്ക് ഓടിക്കയറിയ കുഞ്ഞിനെ കണ്ട നിമിഷം തന്നെ സമചിത്തതയോടെ ബ്രേക്ക് പ്രയോഗിച്ച ട്രാവലർ ഡ്രൈവർക്ക് സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും വലിയ കൈയടിയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കൃത്യസമയത്തെ ഇടപെടൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രക്ഷിതാക്കൾക്ക് വലിയൊരു മുന്നറിയിപ്പായി ഈ സംഭവം മാറുകയാണ്. റോഡരികിൽ നിൽക്കുമ്പോൾ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കണമെന്നും ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.









