കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നും കണ്ണൂരില്‍ നടന്ന പൊതുപരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന് ക്രിയാത്മകമായ പിന്തുണ നല്‍കും. മറിച്ചെങ്കില്‍ ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.’വികസന തുടര്‍ച്ച ഞങ്ങള്‍ മാത്രമെ നടത്താനാകൂവെന്ന് പറയുന്നില്ല. ആ നിര്‍ബന്ധവും ഞങ്ങള്‍ക്കില്ല. ജനവിധി വന്നു. ആ വിധിയുടെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് യുഡിഎഫ് സര്‍ക്കാരാണ്. ആ സര്‍ക്കാര്‍ നാടിന്റെ അഭിവൃദ്ധിക്ക് ജനക്ഷേമത്തിന് ഉതകുന്നവയെല്ലാം നടപ്പാക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. അത്തരം കാര്യങ്ങള്‍ക്കെല്ലാം ക്രിയാത്മക പിന്തുണ നല്‍കണം. ഏതെങ്കിലും തരത്തില്‍ നാടിന്റെ താല്‍പര്യത്തിനോ ജനക്ഷേമത്തിനോ വിരുദ്ധമായ നടപടിയുണ്ടായാല്‍ അതിശക്തമായി എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഒരുപാട് ഘട്ടങ്ങള്‍ തരണം ചെയ്തതാണ്. ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ജനപിന്തുണയോടെ കൂടുതല്‍ കരുത്തോടെ സിപിഐഎമ്മും എല്‍ഡിഎഫും തിരിച്ചുവരും. അതിനായി എല്ലാവരും ആവശ്യമായ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക’ പിണറായി വിജയന്‍ പറഞ്ഞു.വിദ്യാഭ്യാസരംഗവും ആരോഗ്യ രംഗവും തകര്‍ന്നടിഞ്ഞ സ്ഥിതിയില്‍ നിന്ന് ഉയര്‍ത്തികൊണ്ടുവന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂതപൂര്‍വ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ഞങ്ങളോടൊപ്പം ഉണ്ട് എന്ന പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞു. ദേശീയ തലത്തില്‍ ശ്രദ്ധിക്കുന്ന നിരവധി പ്രവര്‍ത്തികള്‍ എല്‍ഡിഎഫ് ചെയ്തു. ഇതെല്ലാം ഉണ്ടെങ്കിലും ഭരണമാറ്റം വേണമെന്നാണ് ജനങ്ങള്‍ വിധി എഴുതിയത്. ജനവിധി പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
പരാജയം അവസാനമല്ല; കൂടുതല്‍ ജനപിന്തുണയോടെയും കരുത്തോടെയും തിരിച്ചുവരും: പിണറായി വിജയന്‍








