കോയമ്പത്തൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 2 പേർ പിടിയിൽ; സമഗ്ര അന്വേഷണത്തിന് നിർദേശിച്ച് വിജയ്

ചെന്നൈ: കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയല്‍വാസിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. നാഗപട്ടണം സ്വദേശി കാര്‍ത്തിക്, സുഹൃത്ത് മോഹന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് സിസിടിവികള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം സുലൂരില്‍ ഒരു കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

‘വീടിന് സമീപത്തുളള സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ കുട്ടി അയല്‍വാസിയായ കാര്‍ത്തിക്കിനൊപ്പം പോകുന്നതായി കണ്ടെത്തി. കുട്ടിയെ ആളൊഴിഞ്ഞ കുളത്തിനടുത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഹന്‍ എന്നയാള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചതായി കണ്ടെത്തി. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു’; വെസ്റ്റ് റീജിയണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ രമ്യ ഭാരതി പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നീതി ആവശ്യപ്പെട്ട് സുലൂര്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തി. നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പുലഭിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികരണവുമായി വിജയ് രംഗത്തെത്തി. ഞെട്ടലും അത്യധികം വേദനയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഇത്തരം സംഭവങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും വിജയ് പറഞ്ഞു.’കോയമ്പത്തൂരില്‍ ഇന്നലെ പത്തുവയസുകാരിക്ക് സംഭവിച്ചത് ദാരുണവും അത്യന്തം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. ഇത്തരം മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്തതുമായ കുറ്റകൃത്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. കുഞ്ഞിന്റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബത്തിനൊപ്പമാണ് ഞാന്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇത്തരം ക്രൂരത ചെയ്യുന്നവര്‍ക്ക് നിയമപ്രകാരം ലഭിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അതിനായി വേണ്ട എല്ലാ നടപടികളും സ്വീകരിക്കും’- വിജയ് എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights