‘അന്‍സിബയുടെ പരാതി ലഭിച്ചത് ഉച്ചയ്ക്ക് രണ്ടുമണിക്ക്, ഇന്നുതന്നെ പരാതി വന്നത് ആസൂത്രിതം’: ശ്വേതാ മേനോന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ പ്രസിഡന്റ് ശ്വേതാ മേനോന്‍. അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞ പരാതി എഎംഎംഎയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. അന്‍സിബയുടെ രാജി ഈ മാസം 12-നാണ് സ്വീകരിച്ചതെന്നും വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു അവര്‍ രാജിവെച്ചതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പോലും പരാമര്‍ശിച്ചിരുന്നില്ല. പൊലീസില്‍ നല്‍കിയ പരാതിയെക്കുറിച്ച് മാത്രമാണ് അന്‍സിബ പറഞ്ഞത്. വ്യക്തിപരമായ പരാതികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നെന്നും ശ്വേത വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു ശ്വേതാ മേനോന്റെ പ്രതികരണം.മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോള്‍ തന്നെ പരാതി വന്നത് ആസൂത്രിതമാണെന്നും ശ്വേതാ മേനോന്‍ ആരോപിച്ചു. ‘പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മറ്റൊരു അമ്മ എക്‌സിക്യൂട്ടീവ് മെമ്പര്‍ക്കെതിരെ അന്‍സിബ പരാതി നല്‍കിയിരുന്നു. വ്യക്തിപരമായ പ്രശ്‌നമായിരുന്നു അത്. ജനുവരിയില്‍ അവര്‍ മൂന്ന് പരാതികള്‍ നല്‍കിയിരുന്നു. പിന്നീട് പൊലീസിലും പരാതി നല്‍കിയിരുന്നു. അന്‍സിബ ടിനി ടോമിനെതിരെ പരാതി പറഞ്ഞിട്ടില്ല. ഇ സിയില്‍ 16 അംഗങ്ങളുണ്ട്, പരാതി പറഞ്ഞിരുന്നെങ്കില്‍ ഒരാള്‍ പോലും ഇടപെടാതിരിക്കുമോ? ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വാര്‍ത്ത വന്നത്. രണ്ട് മണിക്ക് പരാതി വന്നിട്ടുണ്ട്. അമ്മയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അമ്മയ്ക്കുളളിലേ ചര്‍ച്ചയുണ്ടാവുകയുളളു. പുറത്ത് പറയാനാകില്ല’- ശ്വേതാ മേനോന്‍ പറഞ്ഞു.ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്നും ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. ‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും’ എന്നാണ് അന്‍സിബ പറഞ്ഞത്. റിപ്പോർട്ടർ ടിവിയോടായിരുന്നു അൻസിബയുടെ പ്രതികരണം.അൻസിബയുടെ ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോമും രംഗത്തെത്തിയിരുന്നു. സ്വന്തം തിരക്കുകള്‍ മൂലമാണ് രാജിവയ്ക്കുന്നത് എന്നാണ് അന്‍സിബ നേരത്തെ പറഞ്ഞിരുന്നതെന്നും പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് ടിനി ടോം പറഞ്ഞത്. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണെന്നും ടിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights