ചെന്നൈയിൽ ബാങ്ക് മാനേജരുടെ കരണത്തടിച്ച് മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍; കേസെടുത്ത് പൊലീസ്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി എം കെ അഴഗിരിയുടെ മകളും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ ചെറുമകളുമായ കായല്‍വിഴിക്കെതിരെ ബാങ്ക് മാനേജരുടെ കരണത്തടിച്ചതിന് കേസെടുത്ത് പൊലീസ്. അഡയാറിലെ എന്‍ആര്‍ഐ ശാഖയിലെ എസ്ബിഐ ബ്രാഞ്ച് മാനേജരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ചെന്നൈ പൊലീസാണ് കേസെടുത്തത്.

ജൂലൈ 20 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. എസ്ബിഐ എന്‍ആര്‍ഐ ബ്രാഞ്ച് കായല്‍വിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റിന്റെ തകരാറിനെച്ചൊല്ലി ബ്രാഞ്ച് മാനേജരുമായി തര്‍ക്കമുണ്ടായി. വാക്കുതര്‍ക്കം രൂക്ഷമായതായും തുടര്‍ന്ന് കായല്‍വിഴി ഓഫീസിനുള്ളില്‍ വെച്ച് ബാങ്ക് മാനേജരെ അടിച്ചെന്നും പൊലീസ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളില്‍, കായല്‍വിഴി മറ്റൊരാളോടൊപ്പം ബാങ്കില്‍ ഇരിക്കുന്നതും വാഗ്വാദം നടത്തുന്നതും പെട്ടെന്ന് എഴുന്നേറ്റ് മാനേജരെ അടിക്കുന്നതും കാണാം. സംഭവത്തില്‍ എസ്ബിഐ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചെന്നൈ പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights