യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പേര്‍ പ്രതികള്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എസ്‌ഐടി ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നാണ് എസ്‌ഐടി പറയുന്നത്. നിലവില്‍ വകുപ്പുകള്‍ ചുമത്താതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷം വകുപ്പുകള്‍ ചുമത്തുമെന്ന് എസ്‌ഐടി അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അഞ്ച് പേര്‍ക്കുമെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും. ഇന്ന് തന്നെ ശുപാര്‍ശ ഡിജിപിക്ക് കൈമാറുമെന്നും എസ്‌ഐടി അറിയിച്ചു.
തലയ്ക്കടിച്ചത് ഗുരുതര കുറ്റമാണെന്നും എസ്‌ഐടി പറഞ്ഞു. പ്രതിഷേധം അവസാനിപ്പിച്ച പ്രവര്‍ത്തകരെയാണ് തലയ്ക്കടിച്ചത്. ലോക്കല്‍ പൊലീസ് തടഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. വകുപ്പുതല നടപടി അനിവാര്യമാണ്. വകുപ്പുതല നടപടിയില്‍ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും എസ്‌ഐടി വ്യക്തമാക്കി. അതിനിടെ പ്രതി ചേര്‍ത്തതിന് പിന്നാലെ അനിലും സന്ദീപും മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു. കേസില്‍ 309 (വധശ്രമം) അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ ഇരിക്കയാണ് നീക്കം. നേരത്തെ ജാമ്യമില്ലാ വകുപ്പുകള്‍ മാത്രമായിരുന്നു ചുമത്തിയത്. കേസ് ഈ മാസം 26ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights