കണ്ണൂര്‍: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നാണെന്ന വ്യാജേന ചിലര്‍ ഉദ്യോഗാര്‍ത്ഥികളെ ഫോണില്‍ ബന്ധപ്പെട്ട് ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍. ഇത്തരം ഫോണ്‍ കോളുകളുമായി എംപ്ലോയ്‌മെന്റ് ഓഫീസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.
ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍പ്പെട്ട് വഞ്ചിതരാവാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. പണം ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ സന്ദേശം ലഭിക്കുകയാണെങ്കില്‍ വിവരം പൊലീസ് അധികാരികളെ അറിയിക്കണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0497 2700831, തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0460 2209400, തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0490 2327923, മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0490 2474700.









