കോട്ടയം:തലയോലപ്പറമ്പ് കാലായില്‍ മാത്യുവിനെ (മാത്തന്‍- 44) കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന കേസില്‍ പ്രതി ടിവിപുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടില്‍ വി.അനീഷിനെ (48) വിട്ടയച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.മനോജിന്റേതാണ് ഉത്തരവ്. 2008 നവംബര്‍ 25നു രാത്രി 10നു ശേഷം മാത്യുവിനെ കൊലപ്പെടുത്തി പ്രതിയുടെ കടമുറിയുടെ പിന്‍ഭാഗത്തു കുഴിച്ചുമൂടിയെന്നും അവിടെ പുതിയ കെട്ടിടം നിര്‍മിച്ചു തെളിവ് നശിപ്പിച്ചുവെന്നുമായിരുന്നു കേസ്. സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.2008ല്‍ നടന്ന സംഭവം പുറത്തറിയുന്നത് 2016ല്‍ ആണ്. വ്യാജനോട്ട് കേസില്‍ ഗുജറാത്ത് ജയിലില്‍ റിമാന്‍ഡിലായിരുന്ന അനീഷ് സഹതടവുകാരനോടു നടത്തിയ വെളിപ്പെടുത്തലിലൂടെയാണു കേസിനു തുമ്പുണ്ടാകുന്നത്. 2016 ഡിസംബര്‍ 12ന് അറസ്റ്റിലായി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്യുവിന്റെ അസ്ഥികള്‍, പ്രതി നടത്തിയിരുന്ന കടയുടെ പിന്‍വശത്തുനിന്നു കണ്ടെടുത്തു. ഡിഎന്‍എ പരിശോധനയില്‍ അസ്ഥികള്‍ മാത്യുവിന്റേതാണെന്നു തെളിഞ്ഞിരുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകരായ സിബി ചേനപ്പാടി, അനു ജോര്‍ജ്, എയ്‌ബെല്‍ മാത്യു സിബി, എലാന റോസ് സിബി എന്നിവര്‍ ഹാജരായി.
‘ദൃശ്യം’ റിലീസാകുന്നതിന് 5 വര്‍ഷങ്ങള്‍ക്കു മുന്‍പാണു സംഭവം നടന്നതെങ്കിലും ‘ദൃശ്യം’ മോഡല്‍ കൊലപാതകം എന്നാണു സംഭവം പിന്നീട് അറിയപ്പെട്ടത്.
കൊലപ്പെടുത്തി കുഴിച്ചുമൂടി, അവിടെ കെട്ടിടം നിർമിച്ചു; ‘ദൃശ്യം’ മോഡൽ കൊലപാതകം, പ്രതിയെ വിട്ടയച്ചു









