തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തി. റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാലാണ് പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കാൻ നിർദ്ദേശമുയർന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്. കോവിഡിന് മുൻപ് പ്രതിദിനം 35 ലക്ഷത്തോളം പേർ യാത്ര ചെയ്തിരുന്ന കെഎസ്ആർടിസിയിൽ നിലവിൽ അത് 20-25 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചത് പ്രകാരം ജൂൺ 15-ന് പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. ഭാവിയിൽ മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പിന്നീട് തീരുമാനിക്കും.
………………………………
ഫാസ്റ്റും സൂപ്പർഫാസ്റ്റും ഇല്ല; സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം









