മലപ്പുറം: വി ഡി സതീശന്‍ സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. യുഡിഎഫ് കാലത്തെ വിസ്മയപ്പൂരം എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പരിഹാസം. പവര്‍കട്ട്, സ്ത്രീ സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയത്, കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം, സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടത്തിയ പ്രതിഷേധ പരിപാടികളില്‍ കേസെടുത്തത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജലീല്‍ രംഗത്തെത്തിയത്. രണ്ട് മാസത്തിനുള്ളില്‍ ഉണ്ടായ നേട്ടങ്ങളുടെ പട്ടിക ഇനിയും നീളുമെന്നും ജലീല്‍ പരിഹസിച്ചു.
‘ UDF കാലത്തെ ‘വിസ്മയപ്പൂരം’, തലങ്ങും വിലങ്ങും പവര്‍കട്ട്, 18 ലക്ഷം സ്ത്രീകള്‍ക്കുള്ള സ്ത്രീ സുരക്ഷ പെന്‍ഷന്‍ നിര്‍ത്തി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് വരുമാന പരിധി വെച്ച് പൂട്ടിട്ടു, സര്‍ക്കാര്‍ ആശുപത്രികളില്‍ പവര്‍കട്ട് സമയത്ത് വെന്റുലേറ്റര്‍ ഓഫായി രോഗി മരിക്കുന്നു, മുഹമ്മദ് യാസീന്‍ എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് തല്ലിച്ചതക്കുന്നു, മലപ്പുറത്തുകാരനെങ്കില്‍ വേറേ ചാപ്പ കുത്തി അകത്തിടുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു, അങ്കണവാടികളില്‍ ബിരിയാണിയും നെയ്‌ച്ചോറും നിര്‍ത്തുന്നു, കുണ്ടറ സ്വദേശി പൊലീസ് മര്‍ദ്ദനത്തില്‍ മരിക്കുന്നു, ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊച്ചിയില്‍ നടന്ന സാംസ്‌കാരിക നായകരുടെ കൂട്ടായ്മയില്‍ പങ്കാളികളായ വേടന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നു’ തുടങ്ങി നീണ്ട ലിസ്റ്റാണ് ജലീല്‍ പങ്കുവെച്ചിരിക്കുന്നത്.സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരായി ആര്‍എസ്എസുകാരെ ഗവര്‍ണര്‍ നിയമിക്കുമ്പോള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സര്‍ക്കാര്‍ വിധേയപ്പെട്ട് നില്‍ക്കുന്നുവെന്നും ജലീല്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവ് മോഹന്‍ദാസിനെതിരെ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസെത്തകാര്യവും ജലീല്‍ ചൂണ്ടിക്കാട്ടി. ബിജെപി നേരിട്ട് ഭരിക്കാതെ ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിങ്ങളെ തിരുകിക്കയറ്റാന്‍ ‘ഖാളീലീഗ്’ അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുകയാണ്. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ച് മുനമ്പം വഖഫ് ഭൂമിയില്‍ ബീര്‍ പാര്‍ലര്‍ ഹോട്ടലുകള്‍ തുറക്കാന്‍ കോപ്പ് കൂട്ടുന്നവര്‍ക്ക് ഒത്താശചെയ്യുന്നുവെന്നും ജലീല്‍ വിമര്‍ശിച്ചു.
‘ഹറാമായിരുന്ന പിഎം ശ്രീ നടപ്പിലാക്കാന്‍ അത്യാവേശത്തോടെ രംഗത്തുവന്ന് ലീഗ് മന്ത്രി ധര്‍മ്മപ്രധാനെ കണ്ട് നിവേദനം നല്‍കുന്നു. ലീഗ് മന്ത്രി വിശദമായി ചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ തൊപ്പി വിദ്യാര്‍ത്ഥികള്‍ ഊരിയെറിയുന്നു. പ്രധാനമന്ത്രി ഭവന പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കാന്‍ തയ്യാറെന്ന് കേന്ദ്രത്തെ അറിയിക്കുന്നു’, എന്നും ജലീല്‍ കുറിച്ചു. ‘മാറ്റത്തിന് വോട്ട് ചെയ്തവരേ ആഹ്ലാദിപ്പിന്‍, ആവേശപ്പെടിന്‍, ആമോദിപ്പിന്‍, പച്ചക്കൊടികൊണ്ട് അര്‍ഷിന്റെ തണല്‍ വിരിപ്പിന്‍, സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കുവിന്‍’ എന്ന് പറഞ്ഞാണ് ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.









