മുംബൈ: ടെസ്റ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങിയെന്നും സാനിറ്ററി പാഡ് മാറ്റാനായി ഗ്രൗണ്ടിനു പുറത്തേക്ക് പോകാൻ അനുവദിക്കണമെന്നു അംപയറോട് ചോദിക്കേണ്ട അസാധാരണ അനുഭവം തനിക്കുണ്ടായെന്നും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയുടെ തുറന്നു പറച്ചിൽ. ഗ്രൗണ്ടിൽ നിന്നു തനിക്കു പോകേണ്ടി വന്നതോടെ മത്സരം പത്ത് മിനിറ്റിലേറെ സമയം തടസപ്പെട്ടതായും അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. സ്മൃതിയുടെ വെളിപ്പെടുത്തൽ വനിതാ താരങ്ങൾ ഗ്രൗണ്ടിൽ അനുഭവിക്കേണ്ടി വരുന്ന ശാരീരിക വെല്ലുവിളികളെ സംബന്ധിച്ചുള്ള ചർച്ചകൾക്കും സമൂഹ മാധ്യമങ്ങളിൽ തുടക്കമിട്ടു.
‘ഞാൻ ഇന്ത്യക്കു വേണ്ടിയാണ് കളിക്കുന്നത് എന്ന ചിന്താഗതിയാണ് പലപ്പോഴും നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ ജേഴ്സി നമ്മൾ ധരിക്കുമ്പോൾ നമ്മെ ഏൽപ്പിച്ച ചുമതലകളോട് പൂർണമായി നീതി പുലർത്തേണ്ടതുണ്ട്. ചിലപ്പോൾ സ്വന്തം ആർത്തവ വേദന പോലും അതിനു തടസമാകാറില്ല. ഒരു പാഡ് ധരിക്കാനായി ഗ്രൗണ്ടിനു പുറത്തേക്ക് ഞാൻ ഓടിയത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വിചിത്രമായ കാര്യമാണ്.’
‘അംപയറോട് ഞാൻ കാര്യം പറഞ്ഞതാണ് ഓർക്കുന്നത്. വെളുത്ത വസ്ത്രം ധരിച്ചാണല്ലോ ടെസ്റ്റ് കളിക്കുന്നത്. അതുകൊണ്ടു തന്നെ എന്റെ ആവശ്യത്തോടു നോ പറയാൻ അവർക്ക് മുന്നിലും മറ്റ് വഴികളുണ്ടായിരുന്നില്ല. അവർക്ക് കാര്യം മനസിലാകുകയും ചെയ്തു’- സ്മൃതി വ്യക്തമാക്കി..
കായിക ലോകത്ത് പല വനിതാ താരങ്ങൾക്കും സമാന അനുഭവമുണ്ടാകും. പക്ഷേ ആരും തുറന്നു പറയാറില്ല. പരസ്യമായി അതു ചർച്ച ചെയ്യാറുമില്ല. അതിനിടെയാണ് സ്മൃതിയുടെ തുറന്നു പറച്ചിൽ. രാജ്യത്തിനായി കളിക്കുമ്പോൾ വനിതാ താരങ്ങളിൽ പലരും ഇത്തരം ശാരീരിക അസ്വസ്ഥകൾ മറികടന്ന് ഉത്തരവാദിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതരാകാറുണ്ടെന്നാണ് സ്മൃതി വിശദീകരിച്ചത്. കായിക രംഗത്തെ പ്രൊഫഷണൽ വനിതാ താരങ്ങൾ നേരിടുന്ന ഇത്തരം വെല്ലുവിളികളെ കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള സ്മൃതിയുടെ ആർജവത്തെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി.ആർത്തവം കാരണം ഒരു താരത്തിനു ഗ്രൗണ്ടിൽ നിന്നു മാറി നിൽക്കാൻ നിലവിലെ ക്രിക്കറ്റ് നിയമങ്ങൾ അനുവദിക്കുണ്ടോ എന്ന ചോദ്യവും സ്മൃതിയുടെ വെളിപ്പെടുത്തൽ ഉയർത്തുന്നു. നിലവിൽ പരിക്കോ, രോഗമോ ഉൾപ്പെടെയുള്ള കാരണങ്ങൾ അംപയർമാർക്ക് ന്യായമാണെന്നു തോന്നുകയാണെങ്കിൽ ഗ്രൗണ്ട് വിടാൻ താരങ്ങളെ അനുവദിക്കാറുണ്ട്. എംസിസി ക്രിക്കറ്റ് നിയമങ്ങളും ഐസിസി പ്ലെയിങ് കണ്ടീഷനുകളും അനുസരിച്ച് ഇത്തരത്തിൽ അനുവാദം നൽകാമെന്നാണ് നിലവിലെ ചട്ടം. പകരം ഫീൽഡർക്ക് കളിക്കാനിറങ്ങാം.
എന്നാൽ പകരക്കാരന് ബാറ്റ്, ബൗൾ, വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റൻസി എന്നിവയൊന്നും അനുവദിക്കുന്നില്ല. നിയമങ്ങളിൽ ചില നിയന്ത്രണങ്ങളുമുണ്ട്. ഒരു ബൗളർ 8 മിനിറ്റിൽ കൂടുതൽ ഗ്രൗണ്ടിനു പുറത്താണെങ്കിൽ തിരികെ ഗ്രൗണ്ടിലെത്തിയാൽ പുറത്തിരുന്ന അത്രയും സമയം കഴിഞ്ഞ ശേഷമേ പിന്നീട് പന്തെറിയാൻ സാധിക്കു. ആരോഗ്യപരമായ കാരണത്താൽ ഇത്തരത്തിൽ ഇടവേള കൂടുതൽ എടുക്കേണ്ടി വന്നാൽ ഓൾറൗണ്ടർമാരേയും ബൗളർമാരേയും ഇത് കാര്യമായി തന്നെ ബാധിക്കും.
എംസിസിയടക്കമുള്ളവയുടെ ഇത്തരം നിയമങ്ങളിലൊന്നും ആർത്തവത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. അംപയർമാർക്ക് അവരുടെ വിവേചനാധികാരം ഉപയോഗിക്കാമെങ്കിലും ആർത്തവ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളുമില്ല. സ്മൃതി അടക്കമുള്ള കായിക താരങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ വനിതാ താരങ്ങൾക്കായി പ്രത്യേക നിയമം ക്രിക്കറ്റിൽ കൊണ്ടു വരണമെന്നു പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.









