വയനാട് കാട്ടികുളം സ്വദേശിയായ വയോധികന്‍ കാട്ടാന ആക്രമണത്തില്‍ മരിക്കാനിടയായത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെയും വനംവകുപ്പുദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.വയനാട് ജില്ലാ കളക്ടറും നോര്‍ത്ത് വയനാട് ഡി.എഫ്.ഒയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു.റാപ്പിഡ് റെസ്‌പോണ്‍സ് ടീം സമയബന്ധിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.കാട്ടാന ജനവാസ മേഖലയില്‍ തമ്പടിച്ചിട്ടും അധികൃതര്‍ നിസംഗത പാലിച്ചതായി പരാതിയില്‍ പറയുന്നു.ശാസ്ത്രീയമായ മാര്‍ഗത്തിലുടെ മാത്രമേ മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയുകയുള്ളൂവെന്നും പരാതിയില്‍ പറയുന്നു.സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കാട്ടാന അക്രമത്തില്‍ വയോധികന്‍ മരിച്ച സംഭവം;അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷന്‍







