സർക്കാർ പറഞ്ഞപ്പോഴും നടപ്പാകുമോ എന്ന് സംശയമുണ്ടായിരുന്നു: ചരിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം: വനിതാ ഡ്രൈവർ ഷീല

തിരുവനന്തപുരം: ചരിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവര്‍ ഷീല. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബസ് ഓടിച്ചത് ഷീലയായിരുന്നു. വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര ലഭ്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷീല പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞപ്പോഴും പദ്ധതി നടപ്പാകുമോ എന്ന് താനടക്കമുള്ളവര്‍ക്ക് സംശയമുണ്ടായിരുന്നു. പദ്ധതി നടപ്പായപ്പോള്‍ സന്തോഷമുണ്ടെന്നും ഷില കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഷീലയുടെ പ്രതികരണം. പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവറാണ് ഷീല

ഒരുപാട് പേര്‍ക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതി. അതേസമയം തന്നെ ചിലര്‍ക്ക് ഗുണം ലഭിക്കുകയുമില്ല. എന്നും യാത്ര ചെയ്യുന്നവര്‍ക്ക് പദ്ധതി ഗുണം ചെയ്യും. പണം ലാഭിക്കാമല്ലോയെന്നും ഷീല പറയുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോലിയിലേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും ഷീല പറയുന്നുണ്ട്. കൂട്ടുകാരന്‍ ജോളി വഴിയാണ് കെഎസ്ആര്‍ടിസിയിലേക്ക് എത്തുന്നത് എന്നാണ് ഷീല പറയുന്നത്. ലോറി ഡ്രൈവറായിരുന്നു ജോളി. വണ്ടിയോടുള്ള തന്റെ സ്‌നേഹം അവന് അറിയാം. പിഎസ്‌സിയില്‍ താന്‍ മുന്‍പ് കുറേ അപേക്ഷകള്‍ നല്‍കിയിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ്, ജോളി ഒരു ദിവസം സര്‍ട്ടിഫിക്കറ്റുകളുമായി തന്നോട്ട് കാക്കനാട്ടേയ്ക്ക് പോകാന്‍ പറഞ്ഞത്. അങ്ങനെ പോയതോടെയാണ് ജോലി ലഭ്യമായതെന്നും ഷീല പറഞ്ഞു.ഇന്ന് രാവിലെയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.

സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും. കഴിഞ്ഞ ദിവസം ടിക്കറ്റിന്റെ മാതൃക പുറത്തിറക്കിയിരുന്നു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മെയ് പതിനഞ്ച് മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കവും മറ്റും സത്യപ്രതിജ്ഞാ ചടങ്ങ് വൈകാന്‍ കാരണമായി. മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights