അന്‍സിബയുടെ പരാതി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബ ഹസന്റെ പരാതിയില്‍ അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേത നല്‍കിയ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്വേത പറഞ്ഞു. ടിനി ടോമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും.

ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നുണ്ട്.എന്നാല്‍ അന്‍സിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടര്‍ന്ന് ടിനി ടോമിനെ പിന്തുണച്ചും എതിര്‍ത്തും അമ്മ സംഘടനയിലെ അഭിനേതാക്കള്‍ രംഗത്തെത്തി.ടിനി ടോം അന്‍സിബയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നും അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി നീനാ കുറുപ്പ് പറഞ്ഞു. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്നും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights