ശനി, ഞായര്‍ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഇല്ല; ലോഡ് ഷെഡിങ് തുടരും

തിരുവനന്തപുരം: വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തില്‍ ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്നാണ് നടപടി. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവര്‍ കോറിഡോറില്‍ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്.

ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ അധിക വൈദ്യുതി ഗ്രിഡില്‍ നിന്നും തുടര്‍ച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാല്‍ ഇത് ഒരു സ്ഥിരം സ്രോതസ്സായി കണക്കാക്കാനാവില്ല. ശനിയാഴ്ച (20.06.2026) രാത്രി 7 മണി മുതല്‍ 12 മണിവരെ വൈദ്യുതി ലഭ്യതയില്‍ ശരാശരി 300 മുതല്‍ 500 മെഗാവാട്ട് വരെ കുറവാണ് ഉണ്ടായത്. ശനിയാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയായ 4833 MW രാത്രി 7:17 നു രേഖപ്പെടുത്തി.ഞായറാഴ്ച (21.6.2026) വൈദ്യുതി ആവശ്യകത 600 മുതല്‍ 700 MW വരെ കുറഞ്ഞത് സംസ്ഥാനത്ത് ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണ്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല. ഞായറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയായ 4266 MW രാത്രി 7:24 നു രേഖപ്പെടുത്തി. മണ്‍സൂണ്‍ ശക്തി പ്രാപിക്കാത്തതും, അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞു നില്‍ക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights