തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെന്‍സസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനായുള്ള എന്യൂമറേഷന്‍ നടപടികള്‍ക്കുള്ള അവസാന തിയതി ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന് മുതല്‍ ഭവന സെന്‍സസിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. 33 ചോദ്യങ്ങളിലൂടെയാണ് എന്യൂമനേറ്റര്‍മാര്‍ വിവരങ്ങള്‍ തേടുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നിലവിലുള്ള ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.
ഫീല്‍ഡുതല വിവരശേഖരണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി വിപുലമായ ജീവനക്കാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഇതിനായി 61,282 എന്യൂമറേറ്റര്‍മാരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി 10,189 സൂപ്പര്‍വൈസര്‍മാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ‘സെല്‍ഫ് എന്യൂമറേഷന്‍’ സമയപരിധി ഇന്നലെയോടെ അവസാനിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി നല്‍കിയ ഈ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. സെന്‍സസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.
സെന്‍സസ് ഡ്യൂട്ടിയില്‍ അധ്യാപകരുടെ ആവലാതി പരിഹരിക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. ബുധനാഴ്ച സെന്‍സസ് ആരംഭിക്കുമെങ്കിലും വീടുകള്‍ കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിയാല്‍ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
ജൂലായില്‍ ചെയ്തുതീര്‍ക്കേണ്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പഠനത്തിനു തടസ്സംവരാത്ത രീതിയില്‍ തീര്‍ക്കാനാണ് ഈ ക്രമീകരണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ജൂലായില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടു ദിവസം ലഭിക്കും. ഈ ദിനങ്ങള്‍ വിനിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ജോലിയെടുത്ത ഈ ദിവസങ്ങള്‍ക്കു പകരമായി മറ്റു പ്രവൃത്തിദിനങ്ങളില്‍ പ്രഥമാധ്യാപകരുടെ മുന്‍കൂര്‍ അനുമതിയോടെ ഒക്ടോബര്‍ 31-നുള്ളില്‍ അധ്യാപകര്‍ക്ക് അവധിയെടുക്കാം. സംസ്ഥാനത്തെ 60,000 സ്‌കൂള്‍ അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നേരത്തേ, സ്‌കൂള്‍ സമയത്തിനുശേഷം വൈകീട്ട് സെന്‍സസ് ജോലികള്‍ നിര്‍വഹിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചത് വിവാദമായിരുന്നു. സെന്‍സസ് ജോലിയുള്ളവര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപകസംഘനകള്‍ ആവശ്യപ്പെട്ടിരുന്നു.









