ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലിന് നേരെ ആക്രമണം. ഒമാന്‍ തീരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയായ യുകെഎംടിഒ ആണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒമാൻ തീരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ കിഴക്ക് മാറിയാണ് ആക്രമണം നടന്നത്. തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ ഇടതുഭാഗത്ത് അജ്ഞാത വസ്തു വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പലില്‍ തീ പിടുത്തമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ഹോര്‍മുസില്‍ ആക്രമണമുണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് പുതിയ സര്‍വീസ് ഫീസുകള്‍ ഈടാക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന വേള്‍ഡ് പീസ് ഫോറത്തിലാണ് ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുല്‍റസൂല്‍ റഹ്‌മാനി ഫസ്ലി ഇക്കാര്യം പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജനപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാല്‍ സര്‍വീസ് ഫീസ് ഈടാക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇറാന്റെ വാദം.ഇത് ടോള്‍ അല്ലെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും കപ്പലുകളുടെ ഗതാഗത മേല്‍നോട്ടം വഹിക്കുന്നതിനും വേണ്ടിയുളള ഫീസാണെന്നും ഫസ്ലി പറഞ്ഞു. വന്‍തോതിലുളള കപ്പല്‍ ഗതാഗതം മൂലമുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഈ തുക ഉപയോഗിക്കുമെന്നും പ്രയാസകരമായ സമയങ്ങളില്‍ ഇറാനൊപ്പം നിന്ന സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഫീസില്‍ പ്രത്യേക പരിഗണനയും ഇളവും നല്‍കുമെന്നും ഫസ്ലി അറിയിച്ചു.









