പത്തനംതിട്ട: യൂട്യൂബര്‍ രാജന്‍ ജോസഫിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാതെ അടൂര്‍ പൊലീസ്. ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമാണ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്. പൊലീസ് ജീപ്പിനുളളില്‍ നിന്ന് രാജന്‍ ജോസഫിനെ പിടിച്ചിറക്കിയാണ് മര്‍ദ്ദിക്കന്‍ ശ്രമിച്ചത്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന 20 പേര്‍ക്കതിരെ പൊലീസ് കേസെടുത്തിട്ടും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമാണ്. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇതില്‍ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. രാജന്‍ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ച് കയറ്റുന്ന ദൃശ്യങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജന്‍ ജോസഫിനെതിരെ പരാതി നല്‍കിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.









