അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ചന്ദ്രന്‍ പാലിയേക്കര മേല്‍പ്പാലത്തിനടിയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ആക്രി പെറുക്കി വിറ്റാണ് ഇയാള്‍ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയില്‍ ആക്രി കച്ചവടം നടത്തുന്ന പ്രതി പ്രഭാകരന്‍ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമായിരുന്നു രാത്രി കഴിഞ്ഞിരുന്നത്. സംഭവദിവസം ആക്രി വിറ്റു കിട്ടിയ പണവുമായി ഇരുവരും പാലിയേക്കരയിലെ കള്ളുഷാപ്പിലെത്തി മദ്യപിക്കുകയും, തുടര്‍ന്ന് ബിവറേജസില്‍ നിന്ന് വീണ്ടും മദ്യം വാങ്ങി മേല്‍പ്പാലത്തിനടിയിലിരുന്ന് കുടിക്കുകയും ചെയ്തു.മദ്യപാനത്തിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും, ഇതിനിടെ ചന്ദ്രന്‍ പ്രഭാകരന്റെ അമ്മയെ അസഭ്യം പറയുകയും ചെയ്തു. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രനെ കരിങ്കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് തലയ്ക്ക് എറിഞ്ഞും അടിച്ചും പ്രഭാകരന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ ഒരാളെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, മറ്റൊരാളെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് പ്രഭാകരനെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights