ഷിഗല്ലെ രോഗബാധ: ഹോട്ടലുകളിലും, തട്ടുകടകളിലും പരിശോധന; മൂന്ന് തട്ടുകടകള്‍ പൂട്ടിച്ചു

തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിക്കു ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോളേജിനു സമീപത്തുള്ള ഹോട്ടലുകളിലും ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മൂന്നു തട്ടുകടകള്‍ പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പൂട്ടിച്ചു. പാട്ടിയോ, അജ്‌വ, ബാപ്പൂട്ടി എന്നീ തട്ടുകടകളാണ് അടപ്പിച്ചത്. ‘ഉപ്പും മുളകും’ വനിതാമെസ്സിനു നോട്ടീസും നല്‍കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് പാട്ടിയോ, അജ്‌വ എന്നീ തട്ടുകടകള്‍ പൂട്ടിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ് ബാപ്പൂട്ടി തട്ടുകട അടപ്പിച്ചതും വനിതാ മെസ്സിനു നോട്ടീസ് നല്‍കിയതും. വരും ദിവസങ്ങളിലും പരിശോധന കര്‍ശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജുവിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജിനു സമീപത്തുള്ള ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. കോളേജ് ഹോസ്റ്റലിനു പുറത്തു താമസിക്കുന്ന എല്ലാ കുട്ടികള്‍ക്കും കോളേജ് കാന്റീനില്‍നിന്നു ഭക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി എം.ജി. ബിജു പറഞ്ഞു. കോളേജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്ത് ഭക്ഷണം നല്‍കുന്നവരുടെ അടിയന്തിരയോഗം ബുധനാഴ്ച പഞ്ചായത്ത് വിളിച്ചിട്ടുണ്ട്. കോളേജിനു സമീപത്തുള്ള എല്ലാ ജലസ്രോതസ്സുകളിലും ക്ലോറിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights