രാജ്യത്തിനായി അദ്യ ഫിഫ്റ്റി; സൂര്യവംശിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നിവിജയം

ഹരാരെ: സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. 126 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ ലക്ഷ്യം കണ്ടു. വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം അനായാസമാക്കിയത്. പതിനെട്ട് പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ സൂര്യവംശിയുടെ വിക്കറ്റ് വീണു. അഭിഷേക് ശര്‍മ ഒരു റണ്‍സിന് പുറത്തായി. 24 പന്തില്‍നിന്ന് 35 റണ്‍സ് എടുത്ത ഇഷാന്‍ കിഷനാണ് പുറത്തായ മറ്റൊരു താരം. ശ്രേയസ് അയ്യര്‍ 28 റണ്‍സുമായും തിലക് വര്‍മ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗ അര്‍ധ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഈ മത്സരത്തിലൂടെ സൂര്യവംശി സ്വന്തമാക്കി. 15 വയസും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ചരിത്രത്താളില്‍ ഇടംപിടിച്ചത്. 2020 ഫെബ്രുവരി എട്ടിന് കീര്‍ത്തിപൂരില്‍ വെച്ച് നടന്ന ഏകദിന മത്സരത്തില്‍ യുഎസ്എയ്ക്കെതിരെ അര്‍ധ സെഞ്ച്വറി നേടുമ്പോള്‍ മല്ലയ്ക്ക് 15 വയസും 340 ദിവസവുമായിരുന്നു പ്രായം. അന്ന് 51 പന്തില്‍ നിന്നാണ് മല്ല 50 നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്റര്‍ ഇതിന് മുന്‍പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു. 1989 നവംബറില്‍ ഫൈസലാബാദില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ സച്ചിന്‍ 59 റണ്‍സ് നേടുമ്പോള്‍ അദ്ദേഹത്തിന് 16 വയസും 213 ദിവസവുമായിരുന്നു പ്രായം.ടോസ് നഷ്ടമായ സിംബാബ്വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ എടുക്കാനെ കഴിഞ്ഞുള്ളു മായങ്ക് അഗര്‍വാള്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.ശിവം ദുബെ, രവി ബിഷോണ്യ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മായങ്ക് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍തന്നെ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. സിംബാബ്വെയുടെ ഓപ്പണര്‍ ബ്രെയ്ന്‍ ബെന്നറ്റാണ് പുറത്തായത്. മായങ്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ക്യാച്ച് ചെയ്യുകയായിരുന്നു. മത്സരത്തില്‍ ഒരുഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. മത്സരത്തില്‍ മൂന്ന് സിക്സുകളും 10 ബൗണ്ടറികളും മാത്രമാണ് സിംബാബ്വെ ബാറ്റര്‍മാര്‍ക്ക് നേടാന്‍ കഴിഞ്ഞുളളു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights