കൊച്ചി: സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തിലെ റിയ ആഹിര്‍ എന്ന യുവമോഡലിന്റെ ചിത്രം പുനരാവിഷ്‌കരിച്ച് നടി നവ്യാ നായര്‍. ദാദറിലെ ശിവജി പാര്‍ക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുമായി പോയ പൊലീസ് വാന്‍ ഒറ്റയ്ക്ക് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച റിയയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ ചിത്രമാണ് നടി നവ്യാ നായര്‍ പുനരാവിഷ്‌കരിച്ചത്. എന്നാല്‍ ചിത്രം നിമിഷങ്ങള്‍ക്കകം നടി പിന്‍വലിച്ചു.റിയയുടെ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പൊലീസ് വാഹനത്തിന് മുന്നില്‍ കൈവെച്ച് നില്‍ക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത്. വന്ദേ മാതരം പശ്ചാത്തല സംഗീതമായി പങ്കുവെച്ച ചിത്രത്തില്‍ മറ്റ് വിശദീകരണങ്ങളൊന്നുണ്ടായിരുന്നില്ല. നവ്യയുടെ ചിത്രം സിജെപി സമരത്തിനുള്ള പിന്തുണയാണെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാഖ്യാനം ഉയര്‍ന്നെങ്കിലും പിന്നാലെ നടി ചിത്രം പിന്‍വലിക്കുകയായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയ്ക്ക് പിന്തുണയുമായി നിരവധിപേരാണ് രാജ്യ തലസ്ഥാനത്ത് എത്തുന്നത്. കേന്ദ്ര സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളില്‍ വലിയ സമ്മര്‍ദ്ധമായി ഈ പ്രതിഷേധം മാറിയിട്ടുണ്ട്. അവധി ദിവസമായതിനാല്‍ ഇന്ന് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. നാളെയും ഇരട്ടി വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് എത്താനുള്ള സാധ്യതയുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 18 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടഞ്ഞു കിടക്കുകയാണ്.









