ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഓഗസ്റ്റ് 18ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതുക്കിയ മിഡ് സൈസ് സെഡാന്‍ ആകര്‍ഷകമായ ഡിസൈനും മറ്റു ഫീച്ചറുകളുമായാണ് അവതരിപ്പിക്കുക.
പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് സ്ലാവിയ ഫെയ്‌സ് ലിഫ്റ്റിന് പുതിയ എല്‍ഇഡി ഹെഡ് ലാമ്പുകളും റീ ഡിസൈന്‍ ചെയ്ത ടെയില്‍ ലാമ്പുകളുമാണ് ഉള്ളത്. പുതുക്കിയ കുഷാക്, കൊഡിയാക് എന്നി മോഡലുകള്‍ക്ക് സമാനമായി മുന്‍വശത്തെ ഗ്രില്ലില്‍ ലൈറ്റിങ് എലമെന്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പുതിയ അലോയ് വീലുകള്‍ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.കുഷാക്കിന് സമാനമായി വലിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ ഇതിലും പ്രതീക്ഷിക്കാവുന്നതാണ്. സീറ്റ് അപ്‌ഹോള്‍സ്റ്ററിയിലെ മാറ്റങ്ങള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍സീറ്റില്‍ മസാജ് ഫംഗ്ഷന്‍ എന്നിവ പുതുതായി ഉള്‍പ്പെടുത്തിയേക്കാം. 10.25 ഇഞ്ച് ടച്ച്‌സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, സിംഗിള്‍ പെന്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.
1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കിന് പകരം കുഷാക് ഫെയ്‌സ് ലിഫ്റ്റില്‍ അവതരിപ്പിച്ച പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വരാന്‍ സാധ്യതയുണ്ട്. 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ നിലവിലുള്ള 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സില്‍ തന്നെ തുടരും. നിലവിലെ സ്ലാവിയയുടെ എക്‌സ്‌ഷോറൂം വില 10 ലക്ഷം മുതലാണ്. ഫെയ്‌സ് ലിഫ്റ്റ് മോഡലിന് ഇതില്‍ നിന്നും ചെറിയ വില വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.









