Advertisement

ഐടിആര്‍ ഫയലിങ് മുതല്‍ പാചകവാതക വില വരെ; ജൂലൈ ഒന്നുമുതൽ വരുന്ന അഞ്ചു മാറ്റങ്ങള്‍

എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങള്‍ വരാറുണ്ട്. ജൂലൈ മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മുതല്‍ ആധാര്‍ പുതുക്കലും പാസ്പോര്‍ട്ട് നിരക്കുകളിലെ മാറ്റങ്ങളും ഉള്‍പ്പെടെ നിരവധി സാമ്പത്തിക മാറ്റങ്ങള്‍ക്കാണ് ജൂലൈ മാസം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

1. ഐടിആര്‍ ഫയലിങ്

2025-26 സാമ്പത്തിക വര്‍ഷത്തെ (അസസ്മെന്റ് വര്‍ഷം 2026-27) ഐടിആര്‍-1 (ITR-1) അല്ലെങ്കില്‍ ഐടിആര്‍-2 (ITR-2) ഫോമുകള്‍ ഉപയോഗിച്ച് നികുതിദായകര്‍ ജൂലൈ 31നകം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. ഈ സമയപരിധി തെറ്റിച്ചാല്‍ പിഴ ഒടുക്കേണ്ടി വന്നേക്കാം. കൂടാതെ, ചില നികുതി വ്യവസ്ഥകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇത് ബാധിച്ചേക്കാം

ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ വ്യവസ്ഥകൾ

ജൂലൈ 1 മുതല്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ പിഴ 250 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാര്‍ക്ക് 2,500 രൂപ വരെ പിഴ ഈടാക്കാം. മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ ഉയര്‍ന്ന പിഴ ഈടാക്കും. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരും

3. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ചെലവേറും

ജൂലൈ 1 മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള സാധാരണ (Normal), തത്കാല്‍ (Tatkaal) പാസ്പോര്‍ട്ട് അപേക്ഷകളുടെ സര്‍വീസ് ചാര്‍ജ് വിദേശകാര്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പുതിയ പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കും മറ്റ് അനുബന്ധ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കും ബാധകമായിരിക്കും.

വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപന പ്രകാരം 36 പേജുള്ള പുതിയ അല്ലെങ്കില്‍ വീണ്ടും പുതുക്കുന്ന പാസ്പോര്‍ട്ടിന്റെ നിരക്ക് 2,500 രൂപയായി ഉയര്‍ത്തി. ഇതിന്റെ തത്കാല്‍ നിരക്ക് 3,500 രൂപയില്‍ നിന്ന് 5,000 രൂപയായും വര്‍ദ്ധിപ്പിച്ചു. 60 പേജുള്ള പാസ്പോര്‍ട്ടിനുള്ള അപേക്ഷാ ഫീസ് 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി ഉയര്‍ന്നു. തത്കാല്‍ നിരക്ക് 4,000 രൂപയില്‍ നിന്ന് 6,000 രൂപയായും വര്‍ദ്ധിപ്പിച്ചു.

3. ആധാറിലെ ഇ-മെയില്‍ വിലാസം സൗജന്യമായി പുതുക്കാം

ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെ, ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇ-മെയില്‍ വിലാസം പുതുക്കുന്നതിനുള്ള 75 രൂപ ഫീസ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. യാതൊരുവിധ നിരക്കുകളും കൂടാതെ ആധാര്‍ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

4. എല്‍പിജി സിലിണ്ടര്‍ വില മാറ്റം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന്റെ ചുവടുപിടിച്ച് ആഗോള ഇന്ധന വില കുറഞ്ഞ പശ്ചാത്തലത്തില്‍ എണ്ണ വിപണന കമ്പനികള്‍ ജൂലൈ ഒന്നിന് എല്‍പിജി സിലിണ്ടര്‍ വില പുനഃപരിശോധിക്കുന്നത് നിര്‍ണായകമാണ്. എല്ലാ മാസവും ഇത്തരത്തില്‍ ഒന്നാം തീയതി എണ്ണ വിപണന കമ്പനികള്‍ വില നിര്‍ണയിക്കാറുണ്ട്. ഇത്തവണ ഗാര്‍ഹിക, വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

5. ബാങ്കുകളുടെ തെറ്റായ വില്‍പ്പന തടയാന്‍ ആര്‍ബിഐയുടെ പുതിയ വ്യവസ്ഥ

ഉപഭോക്താക്കള്‍ക്ക് അനുയോജ്യമല്ലാത്ത സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ തെറ്റായ രീതിയില്‍ ബാങ്കുകള്‍ വില്‍ക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ചട്ടക്കൂട് കൊണ്ടുവരുന്നു. പുതിയ ചട്ട പ്രകാരം, അനുചിതമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ അന്യായമായ രീതികളിലൂടെ വില്‍ക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഇത്തരം തെറ്റായ വില്‍പ്പന കാരണം ഉണ്ടായേക്കാവുന്ന ഏതൊരു സാമ്പത്തിക നഷ്ടത്തിനും അവര്‍ക്ക് നഷ്ടപരിഹാരവും ലഭിച്ചേക്കാം. ഈ പുതിയ വ്യവസ്ഥ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ബാങ്കിങ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights