‘ഇഡിയറ്റ്’ പരാമർശത്തിൽ ബഹളം; താൻ ആരേയും വിഡ്ഢി എന്ന് വിളിച്ചില്ല, വിദ്യാഭ്യാസം നിയന്ത്രിച്ചത് RSS:രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ലോക്‌സഭ. ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ പ്രതിഷേധങ്ങള്‍ തനിക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ്. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിഡ്ഢികള്‍ യുവജനതയെ കേള്‍ക്കുന്നില്ലെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു. വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന വിദ്യാര്‍ത്ഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചതാണ് ബഹളത്തിന് വഴിവെച്ചത്. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

പാര്‍ലമെന്റിലെ മറ്റൊരു അംഗത്തിനെതിരെ പ്രയോഗിച്ചാല്‍ മാത്രമെ അത് അണ്‍പാര്‍ലമെന്ററി ആവുകയുള്ളൂ. ആര്‍ക്കെതിരെയും താന്‍ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിക്ക് സംസാരിക്കണമെങ്കില്‍ താൻ വായ അടച്ച് ഇരിക്കാം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിച്ചത് ധര്‍മ്മേന്ദ്ര പ്രധാന്‍ അല്ല, മറിച്ച് ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. നിരവധി കേന്ദ്ര സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ വൈസ് ചാന്‍സലര്‍മാരായി നിയമിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

വിദ്യാര്‍ത്ഥികളെ ‘അന്ധഭക്തു’മാരാക്കുകയാണ് ആര്‍എസ്എസ് ശ്രമം. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലോക്‌സഭയില്‍ തന്നെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത്ഷാ പാര്‍ലമെന്റില്‍ എത്താതിരുന്നത് സൂചിപ്പിച്ചാണ് രാഹുലിന്റെ വിമര്‍ശനം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലെറ്റുകള്‍ ഉപയോഗിക്കാന്‍ അമിത്ഷാ നിര്‍ദേശിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതോടെ പാര്‍ലമെന്റ് ഭരണപക്ഷ ബഹളത്തില്‍ മുങ്ങി. രാഹുല്‍ ആരോപണത്തിന് തെളിവ് പുറത്തുവിടണമെന്ന് കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു. പ്രതിപക്ഷ-ഭരണപക്ഷ ബഹളത്തിൽ മുങ്ങി പാർലമെന്‍റ് 2.30 വരെ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights