KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിത കണ്ടക്ടര്‍മാര്‍ നല്‍കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരുടെയും കെഎസ്ആര്‍ടിസിയുടെയും അഭിപ്രായം കേട്ട് തീരുമാനമെടുക്കാനാണ് കോടതിയുടെ നിര്‍ദേശം.

വനിതാ കണ്ടക്ടര്‍മാരായ എസ് എസ് ആശ, എസ് ശ്രീന, എം സജല എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മൂവായിരത്തോളം വനിതാ കണ്ടക്ടര്‍മാര്‍ സര്‍വീസിലുണ്ട്. ബിഹാര്‍, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും കണ്ടക്ടര്‍മാര്‍ക്കായി ഹാജരായ അഡ്വ. എം അനില്‍കുമാര്‍ വാദിച്ചു.ആര്‍ത്തവ അവധി ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല അതികഠിനമായ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ആരോഗ്യത്തെയും ജോലിയെയും സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഏറെ നേരം തുടര്‍ച്ചയായി നില്‍ക്കുന്ന ജോലിയാണ് കണ്ടക്ടര്‍മാര്‍ ചെയ്യുന്നത്. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വനിതാ കണ്ടക്ടര്‍മാര്‍ക്ക് അനുയോജ്യമായ രീതിയില്‍ ആര്‍ത്തവ അവധി നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വനിതാ കണ്ടക്ടര്‍മാര്‍ക്ക് പ്രതിദിനം എട്ടു മുതല്‍ പതിനാറ് മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. തിരക്കേറിയ ബസുകളില്‍ ആര്‍ത്തവ ദിനത്തിൽ ജോലി ചെയ്യുമ്പോൾ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.സ്ത്രീ ജീവനക്കാരില്‍ ആര്‍ത്തവമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെ അംഗീകരിക്കുന്ന ഒരു പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആര്‍ത്തവാവധി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനെയും ന്യായവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനെയും കൂട്ടായി പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ആര്‍ത്തവ അവധിയെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights