ഗജനി മുതൽ സൂര്യ സാർ ക്രഷ്; അന്ന് അഭിനയിക്കാനായില്ല ഇന്ന് ആഗ്രഹം സാധിച്ചു: മമിത ബൈജു

സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ് ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണ്ടും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന ഇവന്റിൽ തന്റെ പഴയ ക്രഷ് ആയിരുന്നു സൂര്യ എന്ന് പറയുകയാണ് മമിത.

‘എന്താണ് പറയേണ്ടതെന്നറിയില്ല. ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. കുട്ടിക്കാലം മുതലുള്ള എന്റെ ക്രഷാണ് സൂര്യ സാര്‍. ഗജിനി കണ്ടപ്പോള്‍ ആരംഭിച്ചതാണ് അദ്ദേഹത്തോടുള്ള ആരാധന. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയിൽ നേരത്തെ അഭിനയിക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ അന്ന് ആ സിനിമ നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം. താങ്കളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. താങ്കളുടെ അച്ചടക്കം, ഒരു സീനിനെ സമീപിക്കുന്ന രീതി, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമുള്ള പെരുമാറ്റം. എല്ലാം നല്ലൊരു ഇന്‍സ്പിരേഷനാണ്,’ മമിത ബൈജു പറയുന്നു.സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ മമിത അല്ലാതെ മറ്റൊരാളും ഈ കഥാപാത്രത്തിന് ചേരില്ലെന്ന് ഉറപ്പായിരുന്നു. വേറെ ഒരു ചോയ്സ് ഉണ്ടായിരുന്നില്ല. സിനിമയിലെ വേഷം മമിത ഭംഗിയായി ചെയ്തുവെന്നും സൂര്യ പറഞ്ഞു. തമിഴിൽ തന്നെ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനും മമിതയെ സൂര്യ പ്രശംസിച്ചു. ബാല സംവിധാനം ചെയ്യാൻ ഇരുന്ന വണങ്കാൻ എന്ന സിനിമയിലായിരുന്നു സൂര്യയും മമിതയും അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പല കാര്യങ്ങൾ കൊണ്ടും സിനിമ നടക്കാതിരിക്കുകയായിരുന്നു.റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights