‘സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ സന്തോഷത്തോടെ സംസാരിക്കുന്ന ആ നിമിഷം; അതാണ് എന്റെ ഏറ്റവും വലിയ സക്സസ്’

നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നടൻ ആസിഫ് അലി. ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ അത് കാണുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെന്നും, എന്നാൽ സിനിമ പ്രേക്ഷകരിൽ ഒരു പ്രതികരണം ഉണ്ടാക്കുകയും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് താൻ വിജയമായി കാണുന്നതെന്നും ആസിഫ് പറഞ്ഞു.

ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നിറഞ്ഞ മനസോടെ, സിനിമ തങ്ങളെ എന്റർടെയ്ൻ ചെയ്തുവെന്ന് പറയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് പറഞ്ഞു. ഓരോ സിനിമയും റിലീസ് ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രേക്ഷകരുടെ പ്രതികരണം അറിയാൻ ശ്രമിക്കുന്നത്, താൻ ആഗ്രഹിച്ച രീതിയിൽ സിനിമ പ്രേക്ഷകരിലേക്ക് എത്തിയോ എന്ന് മനസിലാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ചെയ്യുന്ന പോലെ നല്ല സിനിമകളുടെ ഭാഗമാകുക എന്നത് തന്നെയാണ് ആഗ്രഹം. സിനിമ കാണാൻ വരുന്ന എല്ലാവർക്കും അത് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഈ സിനിമയെക്കുറിച്ച് എല്ലാവരും സംസാരിക്കുക, അതാണ് ഞാൻ സക്സസ് ആയി കാണുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നിറഞ്ഞ മനസോടെ, അല്ലെങ്കിൽ എന്റർടെയ്ൻഡ് ആയി എന്ന് പറയുന്നതാണ് ഞാൻ സക്സസ് ആയി കാണുന്നത് ആസിഫ് പറഞ്ഞു.

തുടർച്ചയായി വിജയിക്കുന്ന സിനിമകളുടെ ഭാഗമാകുന്നത് കരിയറിൽ കൂടുതൽ വലിയ അവസരങ്ങളിലേക്ക് എത്താൻ സഹായിക്കുമെന്നും ആസിഫ് ചൂണ്ടിക്കാട്ടി. സിനിമകൾ സ്ഥിരമായി വിജയിക്കുകയും പ്രത്യേകിച്ച് വലിയ രീതിയിലുള്ള മാർക്കറ്റിങ്ങിന്റെ സഹായമില്ലാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുകയും വേണമെന്നാണ് ആഗ്രഹം. തന്റെ മുഖം കാണുന്നതിനെക്കാൾ താൻ തിരഞ്ഞെടുക്കുന്ന സിനിമകളിലുള്ള പ്രേക്ഷകരുടെ വിശ്വാസമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ ഫേസ് കാണുന്നതിനേക്കാൾ ഉപരി നമ്മൾ ചൂസ് ചെയ്യുന്ന സിനിമകൾ കാണുന്ന ഒരു വിശ്വാസം ഉണ്ടാകണം. അതാണ് ഞാൻ സക്സസ് ആയി കാണുന്നത്. അതിന് വേണ്ടിയാണ് ഇപ്പോഴും ട്രൈ ചെയ്യുന്നത്.- ആസിഫ് പറഞ്ഞു. തന്റെ കരിയറിൽ ഒരുഘട്ടത്തിൽ ആ വിശ്വാസവും പ്രേക്ഷക പിന്തുണയും നഷ്ടപ്പെട്ടതായി തോന്നിയിരുന്നുവെന്നും ആസിഫ് തുറന്നുപറഞ്ഞു.

നിരവധി സിനിമകൾ പ്രേക്ഷകർ താൻ ആഗ്രഹിച്ച രീതിയിൽ ഏറ്റെടുത്തില്ലെന്നും തിയറ്ററുകളിൽ നിന്ന് ഏറെക്കാലം ഒരു മടുപ്പൻ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ‘തലവൻ’ ആ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാക്കിയ സിനിമയായിരുന്നുവെന്ന് ആസിഫ് വ്യക്തമാക്കി. അത് താൻ ബോധപൂർവം നേടിയെടുത്ത വിജയമല്ലെന്നും, കഴിഞ്ഞ സിനിമകളിൽ നിന്നുള്ള അനുഭവങ്ങളിലൂടെ തനിക്കുണ്ടായ മാറ്റങ്ങൾക്കൊപ്പം സ്വാഭാവികമായി സംഭവിച്ചതാണെന്നും താരം വിലയിരുത്തി.

ഒരു വലിയ സീസൺ കഴിഞ്ഞിട്ട് അത് തിരിച്ചു പിടിച്ചത് ‘തലവൻ’ വഴിയാണ്. അത് ഒരിക്കലും ഞാൻ ക്രാക്ക് ചെയ്തതല്ല, സംഭവിച്ചതാണ്. കഴിഞ്ഞ സിനിമകളിൽ നിന്നുള്ള എക്സ്പീരിയൻസിൽ നിന്ന് എനിക്ക് അറിയാതെ ഉണ്ടായ മാറ്റങ്ങളിലൂടെയായിരിക്കും അത് വന്നത്. പക്ഷേ അത് ഞാൻ ഏറ്റവും ആസ്വദിച്ചത് ‘തലവനി’ലൂടെയാണ്”.- ആസിഫ് പറഞ്ഞു.

ഏറെക്കാലം തിയറ്ററുകളിൽ നിന്ന് തണുത്ത പ്രതികരണം മാത്രം കണ്ടിരുന്ന തനിക്ക്, ‘തലവൻ’ കണ്ടിറങ്ങിയ പ്രേക്ഷകർ സന്തോഷത്തോടെ തന്നെ കെട്ടിപ്പിടിച്ച് സംസാരിച്ചത് വലിയ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് മുതൽ ആ സന്തോഷം എപ്പോഴും ഉണ്ടാകണം എന്നതിന് വേണ്ടിയാണ് ഞാൻ എഫർട്ട് ഇടുന്നത്. പ്രേക്ഷകർ സിനിമ കണ്ടിറങ്ങുമ്പോൾ സന്തോഷത്തോടെ എന്നോട് സംസാരിക്കുന്ന ആ നിമിഷം തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സക്സസ്.- ആസിഫ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights