മലപ്പുറം : ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അസം സ്വദേശി റോയല്‍ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊര്‍ണൂര്‍ വിട്ടപ്പോഴായിരുന്നു യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.
ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടെ യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. സഹയാത്രികര്‍ ഉടന്‍ വിവരം റെയില്‍വേ അലര്‍ട്ടില്‍ വിളിച്ചറിയിച്ചു. തിരൂരില്‍വെച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി റോയല്‍ രാജു ആര്‍പിഎഫ് ഉദ്യോഗസ്ഥനായ എഎസ്‌ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി.
തിരൂര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ എസ്എച്ച്ഒ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം റെയില്‍വേ സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. പൊലീസിനു നേരെയും ഇയാള്‍ അക്രമാസക്തനായി. മല്‍പ്പിടുത്തത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്.
പരിക്കേറ്റ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ശശി (57) യെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള 2026-ലെ റെയില്‍ സേവാ പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് എഎസ്‌ഐ ശശി.









