‘ആധാർ കാർഡ് താ സാറേ..’; ജയിൽ ചാടി പ്രതി നേരെ പൊലീസ് സ്റ്റേഷനിലെത്തി; കബളിപ്പിച്ച് മുങ്ങി

കൊച്ചി: ജയിൽ ചാടിയ പ്രതി ആധാർ കാർഡ് ചോദിച്ചു പൊലീസ് സ്റ്റേഷനിലെത്തി. വീണ്ടും പിടിയിലാകുമെന്ന് ഭയന്ന് ഇയാൾ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അസം സ്വദേശിയായ മധുർ സോനോവൽ എന്നയാളാണ് സ്റ്റേഷനിലെത്തിയത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

മൊബൈൽ മോഷണക്കേസിലാണ് മധുർ സോനോവലിനെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസിന്റെ സഹായത്തോടെയാണ് ഇടത്തല പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ ആലുവ സബ് ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 24-നാണ് ഇയാൾ തടവുചാടിയത്.

ജയിൽ ചാടിയ ശേഷം പ്രതി നേരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ ആധാർ കാർഡ് അവിടെയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ സ്റ്റേഷനിലെത്തിയത്. ആധാർ കാർഡ് വേണമെന്ന് മധുർ സോനോവൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് ആദ്യം ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല.എന്നാൽ തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ കണ്ടതോടെ വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് പെരുമ്പാവൂർ മേഖലയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights