കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നാണെന്നും കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം അഭിപ്രായപ്പെട്ടു.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു. തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു. എതിർപ്പുകളെ ഭയക്കാതെ ഇനിയും ഇത്തരം കാര്യങ്ങൾ തുറന്നു പറയുക തന്നെ ചെയ്യുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് പുതിയ പ്രസംഗം.









