ബഗഹ: നേപ്പാൾ പ്രളയത്തെ തുടർന്ന് ബിഹാറിലെ ഗന്ധക് നദി ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് തിരിച്ചറിയാൻ കഴിയാത്ത അപൂർവ്വ ഇനം മത്സ്യങ്ങൾ ഒഴുകിയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ എത്തിയ മത്സ്യങ്ങൾ ഭക്ഷിച്ച ചിലർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ടുകൾ വന്നു. ഇതോടെ അജ്ഞാത മത്സ്യങ്ങൾ കഴിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിഹാർ മൃഗസംരക്ഷണ-ക്ഷീര-മത്സ്യവകുപ്പ്.
പ്രളയജലത്തിൽനിന്ന് ലഭിക്കുന്നതോ ഇനമേതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതോ ആയ മത്സ്യങ്ങളെ പിടിക്കാനോ വിൽക്കാനോ കഴിക്കാനോ പാടില്ല എന്ന് അധികൃതർ നിർദേശം നൽകി. പ്രളയജലത്തിൽ കഴിഞ്ഞ മത്സ്യങ്ങൾ മാലിന്യങ്ങളുമായും ജീർണിച്ച മൃഗാവശിഷ്ടങ്ങളുമായും സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ട്. ഇതുവഴി ബാക്‌ടീരിയ, വൈറസ്, ഫംഗസ്, മറ്റ് രോഗകാരികളായ ജീവികൾ എന്നിവ മത്സ്യങ്ങളിൽ എത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ഇത്തരം മത്സ്യങ്ങൾ കഴിച്ചതിനുശേഷം ഛർദി, വയറിളക്കം, കഠിനമായ വയറുവേദന, തലചുറ്റൽ, ശ്വാസതടസ്സം എന്നിവ നേരിട്ടാൽ ഉടൻ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടേണ്ടതാണെന്നും അധികൃതർ അറിയിച്ചു. തിരിച്ചറിയാൻ കഴിയാത്തതോ വിചിത്ര രൂപത്തിലുള്ളതോ ആയ മീനുകളെ കണ്ടാൽ ഉടൻ പ്രാദേശിക ഫിഷറീസ് ഓഫീസറെയോ ഭരണകൂടത്തെയോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.









