എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !

എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 30 വരെ സൗജന്യമായി ഓൺലൈൻ വഴി സമർപ്പിക്കാം. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റ്/എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രതിവർഷം 12,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും.

യോഗ്യതാ മാനദണ്ഡങ്ങൾ

  • സംസ്ഥാനത്തെ ഗവൺമെന്റ് അല്ലെങ്കിൽ എയ്ഡഡ് സ്‌കൂളുകളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം
  • വിദ്യാർഥി 7-ാം ക്ലാസ് വാർഷിക പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം.
  • SC/ST വിഭാഗങ്ങൾക്ക് 50% മാർക്ക് മതി.
  • രക്ഷകർത്താക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്.
  • റസിഡൻഷ്യൽ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ എന്നിവയിൽ പഠിക്കുന്നവർക്ക് അർഹതയില്ല.

    പരീക്ഷാ ഘടന

    രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

    ഒ.എം.ആർ (OMR) ഷീറ്റ് ഉപയോഗിച്ചുള്ള ഒബ്ജക്ടീവ് (MCQ) ടൈപ്പ് രീതിയിലാണ് പരീക്ഷ നടത്തുന്നത്.

    പാർട്ട് I – MAT (Mental Ability Test / മാനസിക ശേഷി പരീക്ഷ) എന്നത് വിദ്യാർത്ഥികളുടെ തർക്കചിന്ത, വിശകലന ശേഷി എന്നിവ പരിശോധിക്കുന്നതിനുള്ള ഭാഗമാണ്. 90 മിനിറ്റിൽ 90 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷ രാവിലെ ആയിരിക്കും.

    പാർട്ട് II – വിഷയാധിഷ്ഠിത പരീക്ഷയാണ് രണ്ടാം ഘട്ടത്തിൽ. 7, 8 ക്ലാസുകളിലെ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാന ശാസ്ത്രം (35 മാർക്ക്), ഗണിതം (20 മാർക്ക്) എന്നിവയിൽ നിന്നുള്ള 90 ചോദ്യങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുന്നത്.

    ഇരു പരീക്ഷകളിലും കൂടി ആകെ കുറഞ്ഞത് 40% മാർക്ക് നേടണം. SC/ST വിഭാഗങ്ങൾക്ക് 32% മാർക്ക് മതി.

    ആവശ്യമായ രേഖകൾ

    • വില്ലേജ് ഓഫീസിൽ നിന്ന് 3 ലക്ഷം രൂപയിൽ കവിയാത്തതും കാലാവധി കഴിഞ്ഞിട്ടില്ലാത്തതുമായ വരുമാന സർട്ടിഫിക്കറ്റ് PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഫയൽ വലുപ്പം 100 KB-ൽ താഴെ ആയിരിക്കണം.
    • SC/ST വിഭാഗത്തിലുള്ള കുട്ടികൾ ജാതി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
    • 40% അല്ലെങ്കിൽ അതിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്ക് മാത്രം PwD വിഭാഗത്തിൽ അപേക്ഷിക്കാം. മെഡിക്കൽ ബോർഡ് അംഗീകരിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇല്ലെങ്കിൽ അപേക്ഷ പരിഗണിക്കില്ല.
    • കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്തത് ആയിരിക്കണം. JPG/JPEG ഫോർമാറ്റിൽ, 150 × 200 പിക്സൽ വലുപ്പവും 20 KB മുതൽ 30 KB വരെ ഫയൽ വലുപ്പവും ഉണ്ടായിരിക്കണം.

      സ്കോളർഷിപ്പിന് അർഹത നേടുന്നതിനുള്ള വ്യവസ്ഥകൾ

      • കേരളത്തിൽ നിന്ന് ഓരോ അധ്യയന വർഷവും 3,473 കുട്ടികൾക്കാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത.
      • യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 9-ാം ക്ലാസ് മുതൽ സ്കോളർഷിപ്പ് ലഭിക്കും.
      • 10-ാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിക്കാൻ 9-ാം ക്ലാസ് വാർഷിക പരീക്ഷയിൽ 55% മാർക്ക് വേണം.
      • 11-ാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിക്കാൻ 10-ാം ക്ലാസ് പൊതുപരീക്ഷയിൽ 60% മാർക്ക് വേണം.
      • 12-ാം ക്ലാസില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ 11-ാം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്ക് വേണം.

        SC/ST വിദ്യാര്‍ഥികള്‍ക്ക് 5% മാര്‍ക്ക് ഇളവ് ലഭിക്കും.

        സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന വര്‍ഷം നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP) വഴി ഫ്രഷ് അപേക്ഷ നല്‍കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റിന്യൂവല്‍ അപേക്ഷ നല്‍കണം. അപേക്ഷ പുതുക്കാത്ത പക്ഷം സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടും.

        കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

        ഹോം പേജില്‍ നിന്ന് ”എന്‍എംഎംഎസ്ഇ 2026 – വിജ്ഞാപനം” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

         

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights