ഗൂഗിൾ സെർച്ച് ഉപയോഗിച്ചതിന് പണം ലഭിക്കും എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ആദ്യമൊന്ന് അമ്പരക്കാൻ സാധ്യതയുണ്ട്. കാരണം ലോകമാകെ കോടിക്കണക്കിന് പേരാണ് ഒരു ദിവസം ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നത്. അത്രയും പേർക്ക് നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ ഇറങ്ങിപ്പുറപ്പെട്ടാൽ ഗൂഗിളിന്റെ പൊടിപോലും ബാക്കികാണില്ല എന്ന് കേൾക്കുന്നവർ ഒരുപക്ഷേ ചിന്തിച്ചേക്കാം.
എന്നാൽ കേട്ടതിനെ അപ്പാടെ അങ്ങനെ അവിശ്വസിക്കേണ്ട. കാരണം കോടതി ഉത്തരവ് അനുസരിച്ച് ഗൂഗിൾ നിങ്ങൾക്കും ഒരുപക്ഷേ നഷ്ടപരിഹാരമായി പണം തന്നേക്കാം. പക്ഷേ അത് അതിനു മുമ്പ് നഷ്ടപരിഹാരത്തിന് നിങ്ങൾ അർഹനാണ് എന്ന് അറിയിക്കേണ്ടതുണ്ട്. ഏത് കോടതി, എന്ത് നഷ്ടപരിഹാരം, അതിന് എന്ത് തെറ്റാണ് ഗൂഗിൾ ചെയ്തത്?.
എന്തിനാണ് ഗൂഗിൾ നിങ്ങൾക്ക് പണം നൽകേണ്ടിവരുന്നത്, എത്ര രൂപ കിട്ടും തുടങ്ങി നിരവധി സംശയങ്ങൾ പലർക്കും ഉണ്ടാകും. എല്ലാം വിശദമായി വ്യക്തമാക്കാം. അമേരിക്കയിലെ ഒരു കോടതിയിൽ ഇപ്പോൾ ഗൂഗിൾ എതിർകക്ഷിയായി ഒരു ക്ലാസ് ആക്ഷൻ നടക്കുകയാണ്. ഗൂഗിൾ ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ സെർച്ച് വിവരങ്ങൾ തേർഡ് പാർട്ടി വെബ്സൈറ്റുകളുമായി പങ്കിട്ടു എന്നാണ് കേസ്.
ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെട്ടു എന്നും അന്യായമായി ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കാനും അവ മറ്റ് വെബ്സൈറ്റുകൾക്ക് കൈമാറാനും ഗൂഗിളിന് അവകാശമില്ല എന്നുമാണ് വാദിഭാഗം വാദിക്കുന്നത്. എന്നാൽ ആരോപണം കോടതിയിൽ ഗൂഗിൾ പാടേ നിഷേധിച്ചു. ഹർജിക്കാർ ആരോപിക്കുന്നതുപോലുള്ള സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല എന്നാണ് ഗൂഗിൾ വാദിച്ചത്.
ആരോപണങ്ങൾ നിഷേധിച്ചു എങ്കിലും പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നതിനായി ഒരു സെറ്റിൽമെന്റ് എന്ന നിലയിൽ 23 മില്യൺ ഡോളർ നൽകാമെന്ന് ഗൂഗിൾ സമ്മതിച്ചു എന്നാണ് വാർത്തകൾ വന്നിരിക്കുന്നത്. 2006 നും 2013 നും ഇടയിൽ ഗൂഗിൾ സെർച്ച് ഉപയോഗിക്കുകയും സെർച്ച് റിസൾട്ടിൽ ക്ലിക്ക് ചെയ്യുകയും ചെയ്ത ഉപയോക്താക്കൾക്ക് ഈ സെറ്റിൽമെന്റ് തുകയ്ക്ക് അർഹതയുണ്ട്.
ഗൂഗിൾ ഒത്തുതീർപ്പിന്റെ ഭാഗമായി നൽകുന്ന തുകയുടെ ഒരു അംശത്തിന് ഈ നിശ്ചിത കാലയളവിൽ ഗൂഗിൾ സെർച്ച് ചെയ്ത ‘എല്ലാവർക്കും’ അർഹതയുണ്ട്. അതിനാൽത്തന്നെ ദശലക്ഷക്കണക്കിന് ഗൂഗിൾ ഉപയോക്താക്കൾക്ക് സെറ്റിൽമെന്റിലൂടെ പണം ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. പക്ഷേ ഈ തുക ലഭിക്കണമെങ്കിൽ അതിന് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
ആർക്കൊക്കെ പണം അവകാശപ്പെടാം?: ഗൂഗിൾ സെർച്ച് ഉപയോഗിക്കുകയും 2006 ഒക്ടോബർ 26 നും 2013 സെപ്റ്റംബർ 30 നും ഇടയിൽ കമ്പനി നൽകിയ സെർച്ച് റിസൾട്ട് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും ചെയ്‌തിട്ടുള്ള എല്ലാവർക്കും പണം അവകാശപ്പെടാൻ കഴിയും. സെറ്റിൽമെന്റിൽ നിന്നുള്ള പണത്തിന് യോഗ്യത നേടുന്നതിന്, 2023 ജൂലൈ 31-നകം ഒരു ക്ലെയിം നടത്തേണ്ടതുണ്ട്.
ഒരുപാട് ആളുകൾ ഇക്കാലയളവിൽ ഗൂഗിൾ സെർച്ച് ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ ക്ലെയിം ചെയ്യുന്നവർക്ക് മാത്രമാണ് സെറ്റിൽമെന്റ് തുകയുടെ വിഹിതത്തിന് അർഹത ഉണ്ടാകുക. ആളുകൾക്ക് ക്ലെയിമുകൾ സമർപ്പിക്കുന്നതിനായി സെറ്റിൽമെന്റിന്റെ അഡ്മിനിസ്ട്രേറ്റർമാർ ഒരു വെബ്സൈറ്റ് സജ്ജമാക്കി. വ്യക്തിഗത പേഔട്ട് 7.70 ഡോളർ ആണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ കൃത്യമായ ക്ലെയിം ഉന്നയിക്കുന്ന ആളുകളുടെ എണ്ണത്തെ അനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും.
ക്ലെയിം ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ മുഴുവൻ പേരും സ്ട്രീറ്റ് വിലാസവും ഇമെയിൽ വിലാസവും സമർപ്പിക്കാൻ ജൂലൈ 31 വരെ സമയമുണ്ട്. ക്ലെയിം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ക്ലെയിം വെബ്സൈറ്റിലേക്ക്(refererheadersettlement.com) പോകുകയും രജിസ്റ്റർ ചെയ്ത് ക്ലാസ് മെംബർ ഐഡി നേടുകയും വേണം. ക്ലെയിം ഉന്നയിക്കുന്നതിന് ക്ലാസ് ഐഡി നിർബന്ധമാണ്.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ മെയിലിൽ ക്ലാസ് ഐഡി ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഓൺലൈൻ ക്ലെയിം ഫയൽ ചെയ്യേണ്ടത്. ക്ലെയിം സമർപ്പിക്കുന്നതിന് ആവശ്യമുള്ളവ: വിലാസവും ഇമെയിലും ഉൾപ്പെടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ. 2006 ഒക്‌ടോബർ 25-നും 2013 സെപ്റ്റംബർ 30-നും ഇടയിൽ ഗൂഗിളിൽ സെർച്ച് ചെയ്തതായും ഒരു സെർച്ച് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്‌തതായുമുള്ള സാക്ഷ്യപ്പെടുത്തൽ.
PayPal, Venmo അല്ലെങ്കിൽ ഒരു പ്രീപെയ്ഡ് കാർഡ് പോലെയുള്ള നിങ്ങളുടെ പേയ്‌മെന്റ് രീതി. നിങ്ങളുടെ ക്ലെയിം ഫോമിലെ വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം- ഇത്രയുമാണ് നൽകേണ്ടത്. 2023 ജൂലൈ 31 വരെയാണ് ക്ലെയിം ഉന്നയിക്കാൻ സമയം നൽകിയിരിക്കുന്നത്. ഇതിന് ശേഷം മാത്രമേ ഓരോരുത്തർക്കും എത്ര തുക ലഭിക്കൂ എന്ന് വ്യക്തമാകൂ.
ക്ലെയിം ചെയ്യാൻ താൽപ്പര്യമില്ലാത്ത ആളുകൾക്ക് അത് അറിയിക്കാനുള്ള സൗകര്യവും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം ഒത്തുതീർപ്പ് ഇതുവരെ അന്തിമമായിട്ടില്ല. ഈ ഒത്തുതീർപ്പ് സംബന്ധിച്ച വാദം നിലവിൽ ഒക്ടോബർ 12-ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. കോടതി അനുമതി ലഭിച്ചാൽ മാത്രമേ ഒത്തുതീർപ്പ് നടക്കൂ. കോടതി അനുമതി നൽകിയാലും അപ്പീൽ നൽകാനുള്ള അവസരം ഉള്ളതിനാൽ പണം ലഭിക്കാനുള്ള നടപടികൾക്ക് സമയമെടുത്തേക്കാം.