ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ദർശനം നടത്തിയത് വലിയ വാർത്തയായിരുന്നു. ഭാര്യ അക്ഷിതാ മൂർത്തിക്കൊപ്പമാണ് ഋഷി സുനക് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ലോകമൊട്ടാകെ അക്ഷർധാം ക്ഷേത്രം ശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നായ അക്ഷർധാം ക്ഷേത്രത്തപ്പറ്റി അറിയാം.
അക്ഷർധാം അല്ലെങ്കിൽ അക്ഷരധാം എന്നും ക്ഷേത്രം അറിയപ്പെടുന്നു. ഡൽഹിയിൽ 100 ഏക്കറോളം സ്ഥലത്താണ് സ്വാമിനാരായൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 10,000 വർഷം പഴക്കമുള്ള ഭാരതത്തിന്റെ സംസ്കാരം, ആത്മീയത, വാസ്തുവിദ്യ എന്നിവയാൽ അനുഗ്രഹീതമാണ് അക്ഷർധാം ക്ഷേത്രം. 141 അടി ഉയരം, 316 അടി വീതി, 356 അടി നീളത്തിലുമായി പണികഴിപ്പിച്ച അക്ഷർധാം ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ക്ഷേത്രം ഇടംപിടിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയ്‌ക്കത്തു നിന്നും പുറത്തുനിന്നും ഇവിടേയ്‌ക്ക് ജനങ്ങൾ എത്തുന്നു.
തീമാറ്റിക് ഗാർഡൻ, സംസ്‌കൃതി വിഹാർ, മ്യൂസിക്കൽ ഫൗണ്ടൈൻ, ഗാർഡൻ ഓഫ് ഇന്ത്യ തുടങ്ങിയവ അക്ഷർധാം ക്ഷേത്ര സമുച്ചയത്തിനുള്ളിലെ പ്രധാന ആകർഷണമാണ്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. അഞ്ച് വർഷമെടുത്താണ് ഏകദേശം 11,000 കരകൗശല വിദഗ്ധർ അക്ഷരധാം ക്ഷേത്രം നിർമ്മിച്ചത്. സ്റ്റീലോ, കോൺക്രീറ്റോ ഉപയോഗിക്കാതെ മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികളാൾ അലങ്കരിച്ച 234 തൂണുകളും ഒമ്പത് താഴികക്കുടങ്ങളും ദേവന്മാരുടെയും ദേവതകളുടെയും 20,000-ലധികം കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യകളും ഇവിടെയുണ്ട്. ദേശീയ തലസ്ഥാനത്ത് 86,342 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രാവിലെ 9:30 മുതൽ രാത്രി 8 മണി വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. എല്ലാ മതവിഭാഗക്കാർക്കും ക്ഷേത്രത്തിൽ ദർശനം നടത്താം. പ്രവേശനം സൗജന്യമാണ്. എന്നാൽ എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിക്കുന്ന വാട്ടർ ഷോയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്യണം. വെെകുന്നേരം 7:15 നാണ് പ്രദർശന സമയം. സുരക്ഷയുടെ ഭാഗമായി കളിപ്പാട്ടങ്ങൾ, ഭക്ഷണം, പാനീയങ്ങൾ, പുകയില, ബാഗുകൾ, പഴ്സുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ക്ഷേത്ര പരിസരത്തിനകത്ത് കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.