ആഫ്രിക്കയിലെ നമീബ് മരുഭൂമിയിൽ കാണപ്പെടുന്ന വൃത്താകൃതിയിലുള്ള വിചിത്രഘടനകളായ ഫെയറി സർക്കിൾസ് മറ്റു രാജ്യങ്ങളിലും കണ്ടെത്തി. ഓസ്ട്രേലിയയിലും ഇത്തരം ഘടനകൾ നേരത്തെ കണ്ടെത്തിയിരുന്നു. ലോകത്ത് 15 രാജ്യങ്ങളിലായി 263 സ്ഥലങ്ങളിൽ ഇപ്പോൾ ഈ വിചിത്രഘടനകൾ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ വാദമുന്നയിക്കുന്നു. നമീബിയയ്ക്ക് പുറമേ ആഫ്രിക്കയിലെ സാഹേൽ മേഖല, പടിഞ്ഞാറൻ സഹാറ, ഹോൺ ഓഫ് ആഫ്രിക്ക മുനമ്പ്, ഏഷ്യയുടെ ചില ഭാഗങ്ങൾ, മധ്യ ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലും ഇവയുണ്ട്. ലോകമെമ്പാടുമുള്ള മരുപ്രദേശങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ നിർമിതബുദ്ധി ഉപയോഗിച്ച് വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിച്ചേർന്നത്
ഫെയറി സർക്കിൾസ് എന്നറിയപ്പെടുന്ന ഈ വിചിത്രഘടന സസ്യശാസ്ത്രജ്ഞർക്കിടയിൽ വളരെ പ്രശസ്തമാണ്. 7 മുതൽ 39 അടി വരെ വിസ്തീർണമുള്ളവയാണ് ഇവ. 30 മുതൽ 60 വർഷത്തോളം ഇവ നിലനിൽക്കും. മരുപ്രദേശത്തെ പുൽമേടുകളിലാണ് ഇവയുള്ളത്. പുല്ലിനാൽ ചുറ്റപ്പെട്ട വൃത്തത്തിനുള്ളിൽ ഒരു നാമ്പ് പോലും മുളയ്ക്കാത്തരീതിയിലാണ് വൃത്തം കാണപ്പെടുന്നത്.
2014 വരെ ആഫ്രിക്കയിലെ നമീബ് മരുഭൂമിയിൽ മാത്രമായിരുന്നു ഇവ കണ്ടെത്തിയിട്ടുള്ളത്. പിന്നീട് ഓസ്ട്രേലിയയിലും കണ്ടെത്തി. ഈ ഘടനകൾ നമീബിയയിലെ തദ്ദേശീയരായ ഹിംബ സമൂഹത്തിന്റെ വിശ്വാസപ്രകാരം അവരുടെ ദൈവമായ മുകുരുവിന്റെ കാലടികളാണ്. വേറെയും മിത്തുകൾ ഇതെക്കുറിച്ചുണ്ട്. ചിലരിത് അന്യഗ്രഹജീവികളുടെ പണിയാണെന്നാണു വിശ്വസിക്കുന്നത്. ഭൂമിക്കടിയിലുള്ള ഡ്രാഗൺ പോലൊരു ജീവി മുകളിലേക്കു തീയൂതി വിട്ടതിന്റെ ഫലമായുണ്ടായതാണ് ഇതെന്നും വിശ്വസിക്കുന്നവരുണ്ട്.
2008ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ യൂഫോർബിയ എന്ന ചെടികളുടെ കറ മണ്ണിൽ കലരുന്നതാണ് ഈ വൃത്തങ്ങൾക്കു കാരണമാകുന്നതെന്നു പറഞ്ഞിരുന്നു. ജലത്തെ പ്രതിരോധിക്കുന്നതാണത്രേ ഈ കറ. ഇതുമൂലം വൃത്തത്തിനുള്ളിൽ വെള്ളമെത്താതെയാകുന്നു.