ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വെ മന്ത്രാലയം പുറത്തിറക്കി.സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്.
പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്നവരുടെ എണ്ണത്തിന് പരിധിനിശ്ചയിച്ചിട്ടുണ്ട്.റിസർവ് ചെയ്തും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, ട്രെയിൻ അന്വേഷണങ്ങള്‍, പിഎൻആർ അന്വേഷണങ്ങള്‍, റെയില്‍മദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. കൂടാതെ ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയനിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
തടസ്സമില്ലാത്ത സേവനങ്ങളും അതോടൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതിലൂന്നിയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയില്‍വേ ബോർഡ് ഇൻഫർമോഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു.
സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുത്ത സൂപ്പർ ആപ്പ്, ഇന്ത്യൻ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സമന്വയിപ്പിക്കുന്നു.ഇത് ഉടൻ എല്ലാവർക്കും ലഭ്യമാകുന്ന വിധത്തില്‍ പുറത്തിറക്കും.
പുതിയ ആപ്പ് വരുന്നതോടെ
ഒറ്റ സൈൻ ഇൻ ഉപയോഗിച്ച് സൂപ്പർ ആപ്പിലും റെയില്‍വേയുടെ നിലവിലുള്ള ആപ്പുകളായ ഐആർസിടിസി റെയില്‍കണക്‌ട്, യുടിഎസ് തുടങ്ങിയവയില്‍ ലോഗ് ഇൻ ചെയ്യാനാകും.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ് അറിയുന്നതും മറ്റു സേവനങ്ങളും വെവ്വേറെ ആപ്പുകള്‍ വഴിയാണ് നടത്തിവരുന്നത്. ഇതെല്ലാം ഇനി സൂപ്പർ ആപ്പ് എന്ന ഒറ്റ ആപ്പില്‍ ലഭ്യമാകും.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം ലോഗിൻ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ലോഗിൻ ചെയ്താല്‍, ഒരു m-PIN അല്ലെങ്കില്‍ ബയോമെട്രിക് ഓതെന്റികേഷനോ ഉപയോഗിച്ച് ആപ്പ് പിന്നീട് ആക്സസ് ചെയ്യാൻ കഴിയും.
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് SwaRail എത്തുന്നു; ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ
