സീഡൻ എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ആളാണ് ഉണ്ണി മുകുന്ദൻ. പിന്നീട് മല്ലു സിങ്ങിലൂടെ മലയാളത്തിൽ എത്തിയ ഉണ്ണി, പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായകനായി തിളങ്ങി. ഇന്ന് നിർമാതാവിന്റെ മേലങ്കി കൂടി അണിഞ്ഞ ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം മാർക്കോയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് സിനിമ എന്ന ലേബലോടെ എത്തിയ മാർക്കോ ഗംഭീര പ്രതികരണം നേടിയായിരുന്നു തിയറ്ററുകളിൽ മുന്നേറിയത്. നിലവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് മാർക്കോ.
ഈ അവസരത്തിൽ പുതിയൊരു നാഴിക കല്ലുകൂടി കടന്നിരിക്കുകയാണ് മാർക്കോ. തിയറ്ററുകളിൽ അൻപത് ദിവസങ്ങളാണ് ഉണ്ണി മുകുന്ദൻ ചിത്രം ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. ഈ സന്തോഷം പങ്കിട്ട് പുതിയ പോസ്റ്ററും ഉണ്ണി മുകുന്ദൻ പുറത്തിറക്കിയിരുന്നു. ബോക്സ് ഓഫീസിൽ 115 കോടിയോളം രൂപയാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഒഫീഷ്യൽ കളക്ഷൻ വിവരമാണിത്.
അതേസമയം, കഴിഞ്ഞ വർഷത്തെ ആറാമത്തെ നൂറ് കോടി ക്ലബ്ബ് സിനിമയാണ് മാർക്കോ. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു, അജയന്റെ രണ്ടാം മോഷണം തുടങ്ങിയവരാണ് മർക്കോയ്ക്ക് മുൻപ് 2024ൽ 100 കോടി നേടിയ സിനിമകൾ. ഇതുവരെയുള്ള മോളിവുഡിലെ 100 കോടി ക്ലബ്ബുകളിൽ ഒൻപതാം സ്ഥാനത്താണ് മാർക്കോ. മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, ലൂസിഫർ, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം എന്നിവയാണ് മറ്റ് സിനിമകൾ. മാര്‍ക്കോ ഫെബ്രുവരി 14ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഒന്നാമൻ മോഹൻലാൽ, ഒൻപതാമനായി സ്ഥാനം ഉറപ്പിച്ച് ഉണ്ണി മുകുന്ദൻ; 50ന്റെ നിറവിൽ മാർക്കോ, ഇതുവരെ നേടിയത്
