വില്പന നടത്തുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം. ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഔഷധ വിലനിയന്ത്രണ നിയമപ്രകാരം നിർബന്ധമാണെന്നാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒട്ടും പ്രായോഗികമാകില്ലെന്ന അഭിപ്രായവും ഉയർന്നുകഴിഞ്ഞു. ഓണ്‍ലൈൻ ഫാർമസികളടക്കം ഇത് പാലിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ അവശ്യവസ്തു നിയമപ്രകാരം നടപടികളെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. നിയമം നിലവിലുണ്ടായിരുന്നെങ്കിലും അപ്രായോഗികമായതിനാലാണ് നടപ്പാക്കാതിരുന്നതെന്ന വാദമാണ് ഉത്തരവിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ജൻഔഷധികളില്‍പ്പോലും ഇത് നടക്കില്ലെന്നാണ് പറയുന്നത്. നിലവില്‍ കേരളത്തില്‍ രണ്ട് പ്രധാന സോഫ്റ്റ്‌വെയർ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. ഇതില്‍ രണ്ടിലും 80,000-ത്തിലധികം മരുന്ന് ഇനങ്ങളുണ്ട്. ഇത്രയുമെണ്ണത്തിന്റെ പട്ടിക പ്രദർശിപ്പിക്കാൻ എങ്ങനെ സാധിക്കുമെന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകളുടെ ചോദ്യം.
മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുവില പ്രദര്‍ശിപ്പിക്കണം
