‘ചേർച്ചയുണ്ടോടേയ് ഗൂഗിളേ?’ ഓൺലൈൻ ഷോപിങിൽ ഡിജിറ്റലായി ഉടുപ്പ് അണിഞ്ഞു നോക്കാം, ഗൂഗിള്‍ ഡോപ്ള്‍!

ഓണ്‍ലൈന്‍ ഷോപിങ് അനുഭവം കൂടുതല്‍ യാഥാർഥ്യത്തോട് അടുപ്പിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. കമ്പനി അവതരിപ്പിച്ച ഡോപ്ള്‍ (Doppl) എന്ന ആപ്പാണ് വസ്ത്രങ്ങള്‍ തന്റെ ശരീരത്തിനു ചേരുമോ എന്നു നോക്കാനുള്ള അവസരം ഒരുക്കുന്നത്. ഗൂഗിള്‍ ലാബ്‌സിന്റെ ഒരു ഉദ്യമമാണിത്. ഇത് പരീക്ഷണാര്‍ഥം ഇറക്കിയിരിക്കുന്ന ഫീച്ചറുമാണ്. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമെങ്കിലും ഭാവിയില്‍ മറ്റു രാജ്യങ്ങളിലേക്കും എത്തിയേക്കാം.

 

പുതിയ ആപ്പിലൂടെ നിങ്ങളുടെ ഡിജിറ്റല്‍ ശരീരത്തില്‍ ഏത് വസ്ത്രവും വെര്‍ച്വലായി അണിഞ്ഞു നോക്കാനുള്ള അവസരമാണ് ഒരുക്കുന്നത് എന്ന് ഗൂഗിള്‍ പറയുന്നു. വെറുതെ ചലനമറ്റ ഒരു രൂപത്തിലല്ല വസ്ത്രം അണിയാന്‍ സാധിക്കുന്നത്. മറിച്ച് യൂസറുടെ ആനിമേറ്റ് ചെയ്ത അല്ലെങ്കില്‍ ചലനാത്മകമായ രൂപം തന്നയാണ് വസ്ത്രമിട്ടു നോക്കാനായി കിട്ടുക.

എഐ സഹായം

ഗൂഗിള്‍ ഷോപ്പിങ് കഴിഞ്ഞ മാസമാണ് ഇനി യൂസേഴ്‌സിന് നൂറുകണക്കിന് വസ്ത്രങ്ങള്‍ അണിഞ്ഞു നോക്കാന്‍ അവസരമൊരുക്കും എന്ന് പറഞ്ഞത്. ഈ ഫീച്ചര്‍ പരീക്ഷിക്കേണ്ടവര്‍ സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതായി വരും. ഈ ഫോട്ടോയെ ആനിമേറ്റ് ചെയ്യും. ഇത് നിര്‍മ്മിത ബുദ്ധിയാല്‍ (എഐ) ജനറേറ്റു ചെയ്ത വിഡിയോ എന്നപോലെ ചലിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ഇങ്ങനെ വെര്‍ച്വല്‍ ആയി വസ്ത്രമിട്ട ലുക്ക് ഇഷ്ടപ്പെട്ടെങ്കില്‍ അത് സേവ് ചെയ്യാം. പോരെങ്കില്‍, അത് കൂട്ടുകാരുമായി ഷെയറും ചെയ്യാം. ഇനി നിങ്ങളുടെ കൂട്ടുകാര്‍ ഇട്ടുവന്ന ഉടുപ്പ് ഇഷ്ടപ്പെട്ടെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും കടയില്‍ ഒരു ഉടുപ്പ് കണ്ടെങ്കില്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്താല്‍ അതും വെര്‍ച്വലായി അണിഞ്ഞു കാണാം. നിവലില്‍ ടോപ്‌സ്, ബോട്ടംസ് മറ്റു ഡ്രെസുകള്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ ഇട്ടു കാണാന്‍ സാധിക്കുക. ഷൂ, അടിവസ്ത്രങ്ങള്‍, ബാത്തിങ് സൂട്ട്‌സ് തുടങ്ങിയവ ഇട്ടുനോക്കാനാവില്ല.

കൂടാതെ, ഈ ആപ് ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ഇത് പരീക്ഷണഘട്ടത്തിലായതിനാല്‍ എല്ലാം അത്ര മികവോടെ പ്രവര്‍ത്തിക്കണമെന്നില്ലെന്നും കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights