കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ‘ഓപറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലായാണ് ഇന്നലെ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്. ഇ.ഡിയുടെ 4 യൂനിറ്റുകളുടെ നേതൃത്വത്തിൽ എല്ലായിടത്തും ഒരേ സമയത്തായിരുന്നു പരിശോധന. കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. സ്വർണക്കൊള്ളയിൽ ഇതുവരെ അറസ്റ്റിലായവരുടെ വീടുകളിലും ഓഫിസുകളിലുമാണ് ഇ.ഡി എത്തിയത്.
ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്തും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന നടന്നു. പഴയ കൊടിമരം, ശ്രീകോവിൽ വാതിൽ എന്നിവയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം വീണ്ടും ശബരിമല സന്നിധാനത്ത് എത്തിയത്. തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് സംഘം പരിശോധന നടത്തി. പഴയ ശ്രീകോവിൽ വാതിലിന്‍റെ സ്വർണ സാമ്പിളും ശേഖരിച്ചു. കൊടിമരത്തിന്‍റെ വിവിധ ഭാഗങ്ങൾ സ്ട്രോങ് റൂമിലുണ്ടോയെന്നും പരിശോധിച്ചു. ഇവയുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ കൊടിമരത്തിന്‍റെ നിർമാണത്തിലും തട്ടിപ്പ് നടന്നെന്ന സംശയത്തിലാണ് എസ്.ഐ.ടി.









