വിവാഹ മോചനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണമായിക്കഴിഞ്ഞു. വിവാഹ ശേഷം ഒന്നിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ ഭാര്യയും ഭർത്താവും പരസ്പര ധാരണയോടെ പിരിയുന്നതാണ് ഇന്ന് സാധാരണമാകുകയാണ്. വീട്ടുകാരും ഇവർക്കൊപ്പം നില്‍ക്കുന്നു എന്നത് വേറൊരു വശം. ചുരുക്കം ചില ബന്ധങ്ങളില്‍ വിവാഹ മോചനമെന്നത് ഇരുകൂട്ടരും തമ്മിലുള്ള വഴക്കിലേക്കും കോടതിയിലെ പരസ്പരമുള്ള പോരിലേക്കുമെല്ലാം പോകാറുമുണ്ട്. എന്നാല്‍ തനിക്കെതിരെ വിവാഹ മോചന ഹർജി ഫയല്‍ ചെയ്ത ഭാര്യയെ ഉപദ്രവിക്കാൻ ഒരു വ്യക്തി സ്വീകരിച്ചത് തീർത്തും വിചിത്രമായ മാർഗ്ഗമാണ്. ഭാര്യയുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീധനമായി ലഭിച്ച ബൈക്കില്‍ സ്ഥിരമായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ ഭാര്യയെ വീണ്ടും ഉപദ്രവിക്കുന്നത്. വിവാഹത്തിന്റെ ഭാഗമായി, വധുവിന്റെ അച്ഛൻ വരന് ഒരു ബൈക്ക് സമ്മാനമായി നല്‍കി. പക്ഷേ അത് രജിസ്റ്റർ ചെയ്തത് മകളുടെ പേരിലായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിനുശേഷം, ദമ്പതികള്‍ക്കിടയില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ബന്ധം വഷളായതോടെ ഭാര്യ ഭർത്താവിന്റെ വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. വിവാഹ മോചനത്തിലായി യുവതി കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇയാള്‍ വ്യത്യസ്തമായ ഒരു വഴി കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി ലഭിച്ച ബൈക്ക് ഉപയോഗിച്ച് ഇയാള്‍ മനപ്പൂർവ്വം ഗതാഗത നിയമങ്ങള്‍ ലംഘിക്കാൻ തുടങ്ങി. ഇതോടെ ട്രാഫിക് ചലാൻ പോകുന്നത് ഭാര്യയുടെ പേർക്കായി. ഓണ്‍ലൈൻ ട്രാഫിക് ചലാൻ അറിയിപ്പുകളും ഭാര്യയുടെ ഫോണിലേക്കാണ് പോകുന്നത്. തുടക്കത്തില്‍ യുവതി പിഴ അടച്ചിരുന്നെങ്കിലും നിയലംഘനങ്ങള്‍ സ്ഥിരമായി ചലാനുകള്‍ പ്രവഹിക്കുന്നത് ആവർത്തിച്ചതോടെ അവർ പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളോട് ബൈക്ക് തിരികെ നല്‍കാൻ യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നെങ്കിലും വിവാഹ മോചന കേസില്‍ വിധി വരുന്നതുവരെ വാഹനം തിരികെ നല്‍കില്ലെന്നായിരുന്നു അയാളുടെ നിലപാട്. ബൈക്ക് തിരികെ നല്‍കുന്നില്ലെന്ന് മാത്രമല്ല അതുപയോഗിച്ച് ഇയാൾ നിയമ ലംഘനങ്ങള്‍ നടത്തി ഭാര്യക്ക് എട്ടിന്റെ പണി കൊടുക്കുന്നത് തുടരുകയാണ്. ഇതോടെ ട്രാഫിക് പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് യുവതി.
വിവാഹമോചനത്തിന് വിചിത്ര പ്രതികാരവുമായി ഭർത്താവ്
