ജീവിതത്തില്‍ പലതരം പ്രതിസന്ധികള്‍ ഉണ്ടാവാം. പ്രതിസന്ധികളില്‍ വിഷമം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ വിഷാദം എന്നത് മറ്റൊന്നാണ്. നമ്മുടെ മാനസികാവസ്ഥയില്‍ വരുന്ന വ്യാത്യാസങ്ങളാണ് വിഷാദം. ഒരു വ്യക്തിയുടെ ചിന്താഗതി, പ്രവർത്തികള്‍, അനുഭവങ്ങള്‍ തുടങ്ങിയവയെല്ലാം വിഷാദം ബാധിക്കാറുണ്ട്. സ്ത്രീകളില്‍ ഉണ്ടാകുന്ന വിഷാദവും അവയെ തരണം ചെയ്യേണ്ടത് എങ്ങനെയെന്നും അറിയാം.
വിഷാദം ഒരു രോഗാവസ്ഥയാണ്
വിഷാദം സാധാരണമാണെങ്കിലും വളരെ ഗൗരവമുള്ള രോഗാവസ്ഥയാണ്. ജനിതക, ജൈവ, പാരിസ്ഥിക, മാനസിക ഘടനകളില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടാണ് വിഷാദം ഉണ്ടാകുന്നത്. എല്ലാ മനുഷ്യരിലും വിഷാദം ഉണ്ടാകാറുണ്ട്. എന്നാല്‍ സ്ത്രീകളില്‍ സാധാരണമായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഇത്. വിഷാദ രോഗത്തിന്റെ ഒരു ഭാഗം മാത്രമാണ് ദുഃഖം.
മറ്റ് ലക്ഷണങ്ങൾ
1) ഉൽകണ്ഠ അല്ലെങ്കില്‍ മുൻകോപം
2) നിരാശ, വിലയില്ലായ്മ, അല്ലെങ്കില്‍ നിസ്സഹായത അനുഭവപ്പെടുക.
3) പണ്ട് ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ താല്പര്യമോ ആനന്ദമോ നഷ്ടപ്പെടല്‍.
4) ക്ഷീണം, ഊർജ്ജക്കുറവ്, അല്ലെങ്കില്‍ മന്ദത അനുഭവപ്പെടല്‍.
5) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഓർമ്മിക്കുന്നതിനോ തീരുമാനങ്ങള്‍ എടുക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്.
6) ഉറക്കത്തിലോ വിശപ്പിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍
7) വ്യക്തമായ ശാരീരിക കാരണങ്ങളില്ലാത്ത ശാരീരിക വേദനകള്‍ അനുഭവപ്പെടുക
8) മരണത്തെക്കുറിച്ചുള്ള ചിന്തകള്‍, ആത്മഹത്യ അല്ലെങ്കില്‍ ആത്മഹത്യാ ശ്രമങ്ങള്‍
ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളുടെ ജോലിയെയും പഠനത്തിനെയും ഉറക്കത്തെയുമൊക്കെ ബാധിക്കും. ഈ ലക്ഷണങ്ങള്‍ നിങ്ങളില്‍ നിരന്തരമായി കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. എല്ലാ സ്ത്രീകളിലും ഒരുപോലെ ആയിരിക്കില്ല ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചിലരില്‍ അധികമായും മറ്റ് ചിലരില്‍ വളരെ ചെറിയ രീതിയിലുള്ള ലക്ഷണങ്ങളും ആയിരിക്കും കാണുന്നത്.
വിഷാദ രോഗങ്ങള്‍
ഒരു സ്ത്രീയുടെ ജീവിതത്തിലെ ചില പ്രത്യേക ഘട്ടങ്ങളിലാണ് ചിലതരം വിഷാദരോഗങ്ങള്‍ ഉണ്ടാകുന്നത്. ഗർഭധാരണം, പ്രസവാനന്തര കാലയളവ്, ആർത്തവചക്രം, പെരിമെനോപോസ് എന്നിവ ശാരീരികവും ഹോർമോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ചില സ്ത്രീകളില്‍ വിഷാദരോഗത്തിന് കാരണമാകും.
1) ആർത്തവത്തിന് മുമ്പുള്ള ആഴ്ചകളില്‍ സംഭവിക്കുന്ന പ്രീമെൻസ്ട്രല്‍ സിൻഡ്രോമിന്റെ അഥവാ പിഎംഎസിന്റെ കൂടുതല്‍ തീവ്രമായ ഒരു രൂപമാണ് പ്രീമെൻസ്ട്രല്‍ ഡിസ്ഫോറിക് ഡിസോർഡർ . വിഷാദരോഗം, കോപം, ആത്മഹത്യാ ചിന്തകള്‍, വിശപ്പിലെ മാറ്റങ്ങള്‍, വയറ് വീർക്കല്‍, സ്തനങ്ങളുടെ മൃദുത്വം, പേശി വേദന തുടങ്ങിയ ഗൗരവമുള്ള ലക്ഷണങ്ങളാണ്.
2) ഗർഭകാലത്തോ പ്രസവത്തിന് ശേഷമോ പ്രസവാനന്തര വിഷാദം ഉണ്ടാകാറുണ്ട്. പ്രസവശേഷം പല പുതിയ അമ്മമാരും അനുഭവിക്കുന്ന “ബേബി ബ്ലൂസ്” എന്നതിനേക്കാള്‍ അമിതമായി വിഷാദം വരാറുണ്ട്. പ്രസവാനന്തര വിഷാദമുള്ള സ്ത്രീകള്‍ക്ക് അമിതമായ ദുഃഖം, ഉത്കണ്ഠ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു. ഇത് സ്വയം പരിപാലിക്കുന്നതിനോ മറ്റുള്ളവരെ പരിപാലിക്കുന്നതിനോ ഉള്‍പ്പെടെയുള്ള ദൈനംദിന ജോലികള്‍ ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കാം.
3) ആർത്തവ വിരാമത്തിലേക്കുള്ള സമയത്ത് ചില സ്ത്രീകളെ പെരിമെനോപോസല്‍ വിഷാദം ബാധിക്കാറുണ്ട്. അസാധാരണമായ ആർത്തവം, ഉറക്ക പ്രശ്നങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ആർത്തവവിരാമ സമയത്ത് സാധാരണമാണ്. എന്നാല്‍ ഈ സമയത്ത് ദേഷ്യം, ഉൽകണ്ഠ, സങ്കടം അല്ലെങ്കില്‍ ആസ്വാദന നഷ്ടം തുടങ്ങിയ തീവ്രമായ വികാരങ്ങള്‍ ഉണ്ടാകുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായിരിക്കാം.
ചികിത്സ
ഏറ്റവും കഠിനമായ വിഷാദരോഗം പോലും ചികിത്സിക്കാൻ കഴിയും. സാധാരണ ചികിത്സകളില്‍ ആന്റീഡിപ്രസന്റ് മരുന്നുകള്‍, ടോക്ക് തെറാപ്പി (വെർച്വല്‍ അല്ലെങ്കില്‍ നേരിട്ടുള്ള) അല്ലെങ്കില്‍ മരുന്നുകള്‍ക്കൊപ്പം തെറാപ്പിയും നല്‍കുന്ന ചികിത്സകളുണ്ട്. എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ചികിത്സ എന്നൊന്നില്ല. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് കണ്ടെത്താൻ ചിലപ്പോള്‍ പരീക്ഷണങ്ങള്‍ വേണ്ടിവന്നേക്കാം. ഒരു ഡോക്ടറിന് നിങ്ങളുടെ രോഗ ലക്ഷണങ്ങളെ മനസിലാക്കി മികച്ച ചികിത്സ രീതികളിലൂടെ നിങ്ങളുടെ രോഗം ഭേദമാക്കാൻ സഹായിക്കും.