കല്‍പ്പറ്റ: വയനാട് തിരുനെല്ലി ക്ഷേത്രത്തിനു സമീപം കാളിന്ദി നദിയില്‍ കുളിക്കാനിറങ്ങി ആഴമുള്ള കയത്തില്‍ മുങ്ങിത്താണ വിദേശ വനിതകള്‍ക്ക് രക്ഷകരായി നാട്ടുകാര്‍. നീന്തലറിയാത്ത ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരായ സികെ ഉമ്മറും, സികെ ജലീലും മറ്റൊരു സഞ്ചാരിയും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി.
നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ഒരാള്‍ അപ്രതീക്ഷിതമായി കയത്തില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ വിദേശ വനിതയും വെള്ളക്കെട്ടില്‍ അകപ്പെട്ടു. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
പാണ്ടിക്കടവ് സ്വദേശികളായ സികെ ഉമ്മര്‍, സികെ ജലീല്‍ എന്നിവരും അവിടെയുണ്ടായിരുന്ന മറ്റൊരു സഞ്ചാരിയും പുഴയിലേക്ക് എടുത്തു ചാടി ഇരുവരെയും മുങ്ങാതെ പിടിച്ചു നിര്‍ത്തി. തുടര്‍ന്ന് കരക്ക് നിന്നവര്‍ ഇട്ടുനല്‍കിയ തുണിയില്‍ പിടിച്ച് രണ്ട് പേരെയും കരക്കെത്തിക്കുകയായിരുന്നു.








