അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

ശ്രീനിവാസന്‍ എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് സംവിധാകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനി തനിക്ക് സുഹൃത്ത് മാത്രമായിരുന്നില്ല, ഗുരുനാഥന്‍ കൂടിയായിരുന്നുവെന്നും സ്ത്യന്‍ അന്തിക്കാട്. കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് പ്രിയ സുഹൃത്തിനെക്കുറിച്ച് മനസ് തുറന്നത്.”ശ്രീനിവാസന്‍ കൂടിയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത്. അങ്ങനെയാണ് കുറേ വര്‍ഷങ്ങളായി. ടിപി ബാലഗോപാലന്‍ മുതല്‍ ഞാന്‍ പ്രകാശന്‍ വരെ. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാതിരിക്കുമ്പോഴും സൗഹൃദമുണ്ട്. അസുഖമായ ശേഷവും രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ പോയി കാണാറുണ്ട്. ഒരു ദിവസം മുഴുവന്‍ കൂടെയിരിക്കും. അതൊരു ധൈര്യമാണ്. ശ്രീനിവാസന്‍ എഴുത്തുകാരന്‍ മാത്രമായിരുന്നില്ല. എനിക്ക് ഗുരുനാഥനുമാണ്. സുഹൃത്തും ഗുരുനാഥനുമാണ് എനിക്ക് ശ്രീനി.” സത്യന്‍ അന്തിക്കാട് പറയുന്നു.”ഇനി അങ്ങനൊരു ആളില്ല. ഞാന്‍ തന്നെ തീരുമാനിക്കണം. പക്ഷെ എനിക്ക് ഒരു തോന്നലുണ്ട്. ഒറ്റയ്ക്ക് തിരക്കഥയെഴുതുമ്പോഴും ശ്രീനിവാസന്‍ അപ്പുറത്തുണ്ടെന്നാണ് ഞാന്‍ കരുതാറുള്ളത്. രസതന്ത്രവും ഭാഗ്യദേവതയും കഥ തുടരുന്നു ഒക്കെ ഞാന്‍ തന്നെ എഴുതിയതാണ്. ആ സമയത്ത് ശ്രീനി തിരക്കിലായിരുന്നു. പക്ഷെ അതൊക്കെ എഴുതാനിരിക്കുമ്പോള്‍ എന്റെ കൂടെ ശ്രീനിയുണ്ടെന്ന് ഞാന്‍ വിചാരിക്കും. ഒരുമിച്ചിരുന്നാണ് എഴുതുന്നത് എന്ന് സങ്കല്‍പ്പിച്ചായിരുന്നു എഴുതിയത്. ഈ സങ്കല്‍പ്പം ഇനിയും തുടരണം. എന്റെ ജീവിതത്തില്‍ നിന്നും ശ്രീനിവാസന്‍ ഒരിക്കലും മായില്ല” എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights