കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

വിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ് നിർമാതാവ് വാദിച്ചു. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിർമാതാവ് പറയുന്നു. ചിത്രത്തിന്റെ പേര് മാറ്റാൻ കഴിയില്ലെന്നും കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രം പറയുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു..ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശ്നങ്ങളാണ് ടീസറിൽ കാണിക്കുന്നത്. കേരളത്തിൽ മാത്രമുള്ളതല്ല. ടൈറ്റിലിലെ ‘ഗോസ് ബിയോണ്ട്’ അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

രണ്ടുമിനിറ്റ് ടീസർ കണ്ടുകൊണ്ട് ചിത്രത്തെ വിലയിരുത്താൻ പറ്റില്ല. സെൻസർ ബോർഡിന്റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

‘കേരള സ്റ്റോറി’ എന്ന ടൈറ്റിലിലും വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ ഈ സിനിമ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്‌നമുണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights