സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവായി, എട്ട് ഗഡുക്കളായി വിതരണം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശികയും നല്‍കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് കുടിശിക അനുവദിച്ചത്. മുഴുവന്‍ ഡി എ, ഡി ആറിനും അനുവദിക്കേണ്ട യഥാര്‍ത്ഥ കാലാവധി കണക്കാക്കി മുന്‍കാല പ്രാബല്യം നല്‍കിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനംയുജിസി, എഐസിടിഇ, മെഡിക്കല്‍ എഡ്യുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ അനുവദിച്ച ഡിഎയുടെയും ഡിആറിന്റെയും കുടിശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഏഴ് ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights