ബൈക്ക് ടാക്സികൾക്ക് പൂട്ടു വീണു; ഓല, ഊബർ, റാപ്പിഡോ കമ്പനികളുടെ അനുമതി റദ്ദാക്കി സർക്കാർ

മഹാരാഷ്ട്രയില്‍ നിത്യയാത്രയ്ക്കായി ബൈക്ക് ടാക്‌സികളെ ആശ്രയിക്കുന്നവര്‍ക്ക് വലിയ തിരിച്ചടി. ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ പ്രമുഖ ബൈക്ക് ടാക്‌സി അഗ്രഗേറ്ററുകള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക ലൈസന്‍സുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി റദ്ദാക്കി.

നിശ്ചിത സമയപരിധിക്കുള്ളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിലും നിയമങ്ങള്‍ പാലിക്കുന്നതിലും ഈ കമ്പനികള്‍ പരാജയപ്പെട്ടുവെന്ന് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക് നിയമസഭയില്‍ സ്ഥിരീകരിച്ചു. ഇതോടെ, മുംബൈയിലും പരിസര പ്രദേശങ്ങളിലും ആപ്പ് അധിഷ്ഠിത ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നടത്തുന്നത് നിയമവിരുദ്ധമായി.

2024 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ‘മഹാരാഷ്ട്ര ഇ-ബൈക്ക് ടാക്‌സി നിയമം 2024’ ആണ് ഈ തര്‍ക്കത്തിന്റെ കാതല്‍. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ കുറഞ്ഞ ചിലവിലും പരിസ്ഥിതി സൗഹൃദമായും യാത്രയൊരുക്കുക എന്നതായിരുന്നു ഈ പോളിസിയുടെ ലക്ഷ്യം.

ഈ നിയമപ്രകാരം, ബൈക്ക് ടാക്‌സി സേവനത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് (Electric) ആയിരിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാനും വാഹനങ്ങള്‍ ഇലക്ട്രിക് വിഭാഗത്തിലേക്ക് മാറ്റാനുമായി കമ്പനികള്‍ക്ക് ഒരു മാസത്തെ താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ മുപ്പത് ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണവും താല്‍ക്കാലിക ഇളവുകള്‍ ദുരുപയോഗം ചെയ്ത് പെട്രോള്‍ ബൈക്കുകള്‍ തന്നെ സര്‍വീസിന് ഉപയോഗിച്ചതുമാണ് കര്‍ശന നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വാഹന ഉടമകള്‍ക്കെതിരെ നടപടി

തൊഴിലെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ മാത്രം ശിക്ഷിക്കാതെ, നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ റജിസ്റ്റേഡ് ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് (RTO) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെട്രോള്‍ ബൈക്കുകള്‍ ആപ്പുകളില്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തുന്ന ഉടമകളെയും കമ്പനികളെയും ഇതിലൂടെ ഉത്തരവാദികളാക്കാം.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിയമം ലംഘിച്ച 130 ബൈക്ക് ടാക്‌സികള്‍ക്കെതിരെ നടപടിയെടുക്കുകയും 33 ലക്ഷം രൂപയിലധികം പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷ, വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ എന്നിവയും നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നിരോധനം താല്‍ക്കാലികം

നിലവില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും ഇത് ശാശ്വതമായ നിരോധനമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഗ്രഗേറ്റര്‍ കമ്പനികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, രേഖകള്‍ സമര്‍പ്പിക്കാനും, വാഹനങ്ങള്‍ പൂര്‍ണ്ണമായും ഇലക്ട്രിക് ആണെന്ന് ഉറപ്പുവരുത്താനും തയ്യാറായാല്‍ ലൈസന്‍സ് പുനഃസ്ഥാപിച്ചു നല്‍കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights