‘യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു

കൊച്ചി: ആവശ്യപ്പെട്ട സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ച് സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. ഞായറാഴ്ച ജെആര്‍പിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം.

ഞായറാഴ്ച പറവൂരില്‍ ജെആര്‍പിയുടെ സംസ്ഥാന ശില്‍പശാല നടന്നിരുന്നു. ശില്‍പശാലയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു.സംസ്ഥാനത്ത് യുഡിഎഫ് 100ലധികം സീറ്റുകളുമായി അധികാരത്തിലെത്തും. അധികാരത്തില്‍ വരുമ്പോള്‍ ജെആര്‍പി അദ്ധ്യക്ഷ സി കെ ജാനുവിന് നല്ലൊരു സ്ഥാനത്തോടൊപ്പം നടക്കാനുള്ള സാഹചര്യമുണ്ടാക്കും. എല്ലാവരും ഒരുമിച്ചു നിന്നുകൊണ്ട് ദളിത്-ആദിവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.നേരത്തെ മാനന്തവാടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് എഐസിസി നേതൃത്വത്തെ സി കെ ജാനു അറിയിച്ചിരുന്നു. എന്നാല്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് അനുവദിച്ചിരുന്നില്ല. എങ്കില്‍ തന്നെയും തുടര്‍ന്നും യുഡിഎഫിനെ പിന്തുണക്കാനാണ് ജെആര്‍പിയുടെ തീരുമാനം. ജെആര്‍പിയുടെ പിന്തുണ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ യുഡിഎഫിന് ഗുണം ചെയ്‌തേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights