ന്യൂയോര്‍ക്ക്: വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും പിഴ. ഇന്‍സ്റ്റഗ്രാമിന്റെ മാതൃ സ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 മില്യണ്‍ ഡോളറും ഗൂഗിള്‍ 1.8 മില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയ സ്വദേശിനിയായ ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒമ്പത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. മെറ്റയും യൂട്യൂബും അവരുടെ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന, പ്രവര്‍ത്തനം എന്നിവയില്‍ മതിയായ ശ്രദ്ധ കാണിച്ചില്ലെന്നാണ് കോടതിയുടെ കോടതിയുടെ കണ്ടെത്തല്‍.ആഗോള ഡിജിറ്റല്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് വിധിയെന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന്‍ കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാകും. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിധിയോട് ബഹുമാന പൂര്‍വം വിയോജിക്കുന്നു എന്നാണ് മെറ്റ ഗൂഗിള്‍ പ്രതിനിധികളുടെ പ്രതികരണം
സോഷ്യല്‍ മീഡിയ ആസക്തിയുണ്ടാക്കുന്നു; മെറ്റയ്ക്ക് 39 കോടിയും യുട്യൂബിന് 17 കോടിയും പിഴ









